പൂനലൂർ താലൂക്ക് വികസന സമിതി ‘വിഫല സമിതി’ : യുഡിഎഫ് അംഗങ്ങൾ ഇറങ്ങി പോയി
1573790
Monday, July 7, 2025 6:13 AM IST
പുനലൂർ: ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പതിവായി പങ്കെടുക്കാത്ത പുനലൂർ താലൂക്ക് വികസന സമിതി യോഗം ‘താലൂക്ക് വിഫല സമിതി' യോഗമാണെന്ന് ആരോപിച്ച് കോൺഗ്രസ് പുനലൂർ ബ്ലോക്ക് പ്രസിഡന്റ് സി. വിജയകുമാറിന്റെ നേതൃത്വത്തിൽ യുഡിഎഫ് അംഗങ്ങൾ വികസന സമിതി യോഗത്തിൽ നിന്ന് ഇറങ്ങി പോയി.
കഴിഞ്ഞ വികസന സമിതി യോഗത്തിലെ 17 ചോദ്യങ്ങളിൽ ഒരു കാര്യത്തിൽ പോലും തീരുമാനം ഉണ്ടാക്കാൻ ഒരു മാസമായിട്ടും വികസന സമിതിക്ക് കഴിഞ്ഞിട്ടില്ല. മൂന്നുവർഷമായി ഉന്നയിക്കുന്ന പുനലൂർ പോലീസ് സ്റ്റേഷൻ റോഡിലെ അപകടകരമായ മരം മുറിച്ചു മാറ്റണമെന്ന ആവശ്യം പോലും നടത്താൻ താലൂക്ക് വികസന സമിതിക്ക് കഴിഞ്ഞിട്ടില്ല.
അച്ചൻകോവിൽ, കുളത്തൂപ്പുഴ തുടങ്ങിയ പ്രദേശങ്ങളിൽ ഉൾപ്പെടെ താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലെ ചെറുതും അടിയന്തരവുമായ കാര്യങ്ങൾക്ക് പോലും നടപടി ഉണ്ടായിട്ടില്ലെന്നും യോഗത്തിൽ രാഷ്്ട്രീയ കക്ഷിപ്രതിനിധികൾ ആരോപണം ഉന്നയിച്ചു.
പത്തനാപുരം, കൊട്ടാരക്കര തുടങ്ങിയ താലൂക്ക് വികസന സമിതികളിൽ മന്ത്രിമാർ അടക്കം പങ്കെടുക്കുമ്പോൾ പുനലൂർ താലൂക്ക് വികസന സമിതിയിൽ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പോലും തിരിഞ്ഞു നോക്കാത്ത സ്ഥിതിയാണ്.
അപകടകരമായ അവസ്ഥയിൽ തുടരുന്ന പുനലൂർ കെഎസ്ആർടിസി ഡിപ്പോയുടെ കാര്യത്തിലും യാതൊരു തീരുമാനവും എടുക്കാൻ വികസന സമിതിക്ക് ആയിട്ടില്ല.
ബസ് ഇൻ ഔട്ട് സംവിധാനം പുന: പരിശോധിക്കുക, അശാസ്ത്രീയമായ കെട്ടിടം പൊളിച്ചു മാറ്റുക, ആവശ്യമായ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുക, കെഎസ്ആർടിസി ജംഗ്ഷനിൽ ട്രാഫിക് ഐലൻഡ് സ്ഥാപിക്കുക, കെഎസ്ആർടിസി ബസ് ഡിപ്പോയിൽ പാർക്ക് ചെയ്യുന്ന സ്വകാര്യ വാഹനങ്ങൾ സൗകര്യപ്രദമായി മാറ്റി പാർക്ക് ചെയ്യുക, ബസ് സ്റ്റാനന്റിന് മുന്നിൽ പാർക്ക് ചെയ്ത് യാത്രക്കാരെ കയറ്റുന്ന കെഎസ്ആർടിസി - പ്രൈവറ്റ് വാഹനങ്ങൾ അവിടെ നിന്നും നീക്കം ചെയ്യുക തുടങ്ങിയ അടിയന്തര പ്രാധാന്യമുള്ള പരാതികളിൽ പോലും മറുപടി നൽകാൻ വികസന സമിതി കൂട്ടാക്കുന്നില്ലെന്നാണ് ആക്ഷേപം.
നിരന്തരമായ അറിയിപ്പ് ഉണ്ടായിട്ടും മാധ്യമങ്ങളിൽ അടക്കം കടുത്ത വിമർശനം ഉണ്ടായിട്ടും ആർഡിഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുത്തില്ല.
മറ്റു താലൂക്കുകളിലെ പോലെ എംഎൽഎയും ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കുന്ന കാര്യമാത്ര പ്രസക്തമായ താലൂക്ക് വികസന സമിതിയായി പുനലൂർ സമിതിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. വിജയകുമാർ, യുഡിഎഫ് പുനലൂർ നിയോജക മണ്ഡലം കൺവീനറും കെടിയുസി സംസ്ഥാന പ്രസിഡന്റുമായ റോയി ഉമ്മൻ,
ആർഎസ്പി സംസ്ഥാന സമിതി അംഗം അംഗവും എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ പ്രതിനിധിയുമായ എം. നാസർഖാൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത്.