മന്ത്രി വീണ ജോർജ് സ്ത്രീ സമൂഹത്തിന് അപമാനം: കൊടിക്കുന്നിൽ സുരേഷ് എംപി
1573433
Sunday, July 6, 2025 6:39 AM IST
കൊല്ലം : കോട്ടയം മെഡിക്കൽ കോളജിൽ ഒരു അമ്മയുടെ ദാരുണ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ മരണപ്പെട്ടത് ഒരു സ്ത്രീ എന്ന പരിഗണന പോലും നൽകാതെ ആ വിഷയത്തെ സമീപിച്ച മന്ത്രി വീണ ജോർജ് സ്ത്രീ സമൂഹത്തിന് അപമാനമാണെന്നും മന്ത്രി പദവിയിൽ ഇരിക്കുവാൻ അവർക്ക് യോഗ്യത ഇല്ലെന്നും എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി.
മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എം പി സംസ്ഥാനത്തെ 1474 മണ്ഡലങ്ങളിലൂടെ നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയുടെ ജില്ലാതല സ്വാഗതസംഘംഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്പർ വൺ എന്നവകാശപ്പെടുന്ന കേരളത്തിലെ ആരോഗ്യ മേഖലയുടെ തകർച്ചയ്ക്ക് ഉത്തരവാദിയായ വീണ ജോർജ് മന്ത്രി സ്ഥാനം രാജിവയ്ക്കണം. ഇതിന് അവർ തയാറല്ലെങ്കിൽ മുഖ്യമന്ത്രി അവരെ ആ പദവിയിൽ നിന്നും നീക്കം ചെയ്യാൻ തയാറാകണമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫേബ സുദർശൻ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ, കെ പി സി സി ജന. സെക്രട്ടറി എം. എം. നസീർ, ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് എ. കെ. ഹഫീസ്, സൂരജ് രവി, ഡി സി സി ഭാരവാഹികളായ എസ്. വിപിനചന്ദ്രൻ, എൻ. ഉണ്ണികൃഷ്ണൻ, എം. എം. സഞ്ജീവ്, ആദിക്കാട് മധു, കൃഷ്ണവേണി ശർമ്മ തുടങ്ങിയവർ പ്രസംഗിച്ചു.
ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 15 വരെ ജില്ലാതലത്തിൽ പര്യടനം നടത്തുന്ന മഹിളാ സാഹസ് കേരള യാത്രയുടെ 501 അംഗങ്ങൾ അടങ്ങുന്ന സ്വാഗതസംഘ കമ്മിറ്റി രൂപീകരിച്ചു.