പിഎംജിഎസ്വൈ കരാറുകാര്‍ക്ക് ബില്‍ തുക നല്കുന്നതിലുള്ള കാലതാമസം ഒഴിവാക്കണം: എന്‍.കെ. പ്രേമചന്ദ്രന് എംപി
1573172
Saturday, July 5, 2025 6:35 AM IST
കൊല്ലം: പിഎംജി എസ് വൈ റോഡുകളുടെ നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ക്ക് നല്‍കേണ്ട ബില്‍ തുക നല്‍കുന്നതിലുളള കാലതാമസം ഒഴിവാക്കണമെന്നും നിലവിലുളള ബില്ലുകളുടെ തുക അടിയന്തിരമായി നല്‍കണമെന്നും എന്‍.കെ. പ്രേമചന്ദ്രന് എംപി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കരാറുകാര്‍ നല്കിയ ബില്ലുകള്‍ ആവശ്യമായ തുക ഇല്ലാത്തതിനാല്‍ പാസാക്കാന്‍ കഴിയുന്നില്ല.
സമയത്ത് പണം ലഭിച്ചാല്‍ മാത്രമേ തുടര്‍ന്ന് പണി ചെയ്യുവാന്‍ കഴിയുകയുളളു. പാര്‍ട്ട് ബില്ലുകള്‍ യഥാസമയം പാസാക്കി തുക നല്‍കുന്നില്ല. വികസന പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനെ ദോഷകരമായി ബാധിക്കുന്നതാണ് നിലവിലെ സാഹചര്യമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
പിഎംജിഎസ്വൈ പദ്ധതിക്ക് യാതൊരു മുടക്കവും കൂടാതെ ഫണ്ട് ലഭിച്ചിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ഫണ്ട് യഥാസമയം ലഭിക്കുന്നതിനും സയമബന്ധിതമായി കരാറുകാര്‍ക്ക് നല്‍കുന്നതിനും കാലതാമസം ഉണ്ടാക്കുന്നു.
പിഎംജിഎസ്വൈ പദ്ധതികളെ ഇത് ദോഷകരമായി ബാധിക്കുന്നു. അടിയന്തിരമായി ഫണ്ട് അനുവദിക്കാനും എത്രയും പെട്ടെന്ന് ബില്ലുകള്‍ പരിഗണിച്ച് കരാറുകാര്‍ക്കുളള പണം നല്കി റോഡു വികസനം ത്വരിതപ്പെടുത്തണമെന്നും എന്‍.കെ. പ്രേമചന്ദ്രന് എം പി ആവശ്യപ്പെട്ടു.