കൊല്ലം രൂപത കാത്തലിക് സ്കൂൾസ് സ്റ്റാഫ് അസോസിയേഷൻ മാർച്ചും ധർണയും നടത്തി
1572814
Friday, July 4, 2025 6:22 AM IST
കൊല്ലം : ഡി ഇ ഒ യെ ഉടൻ നിയമിക്കുക, അധ്യാപക അനധ്യാപക നിയമനങ്ങൾ അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊല്ലം രൂപത കാത്തലിക് സ്കൂൾസ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊല്ലം കളക്ട്രേറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു. വിദ്യാഭ്യാസ രംഗത്ത് നിസ്തുലമായ സംഭാവനകൾ നൽകിയ കൊല്ലം കോർപറേറ്റ് മാനേജ്മെന്റിലെ വിദ്യാലയങ്ങളിൽ വർഷങ്ങളായി അധ്യാപക അനധ്യാപക നിയമനങ്ങൾ അംഗീകരിച്ച് ലഭിക്കാത്ത സ്ഥിതിയാണ് .
നിയമനങ്ങൾ അംഗീകരിച്ചു നൽകേണ്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർ പോലും നിലവിലില്ലാത്ത സ്ഥിതിയാണ് കൊല്ലത്ത്. ഇനിയും പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളുമായി സംഘടന മുന്നോട്ട് പോകുമെന്ന് കൊല്ലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ.ബിനു തോമസ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
സർക്കാരിന്റെ സാമ്പത്തിക ബാധ്യത ആണ് നിയമാനുസൃതമായുള്ള എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്ക് അംഗീകാരം നൽകാത്തത്തിന്റെ കാരണമെന്നും, കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുള്ള ഈ അധ്യാപകരും അനധ്യാപകരും ഇന്ന് ആത്മസംഘർഷത്തിലാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ പി .സി .വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. ഈ വിഷയം കൂടുതൽ ശക്തമായി നിയമ സഭയിൽ ഉന്നയിക്കുമെന്നും പി. സി .വിഷ്ണുനാഥ് എം എൽ എ പറഞ്ഞു.
സി എസ് എസ് എ പ്രസിഡന്റ് ആർ.ബർണാഡ് , സെക്രട്ടറി സുമേഷ് ദാസ്, കിരൺ ക്രിസ്റ്റഫർ, ഷൈൻ കൊടുവിള, സിസ്റ്റർ റെയ, റെയ്നി റയമൺഡ്,ജയറാണി സെബാസ്റ്റ്യൻ, സുനിൽ ബെഞ്ചമിൻ, പ്രവീൺ, ഡേവിഡ് ജോൺ, ആഷ്ലി ,ഡലിൻ ഡേവിഡ്, രഞ്ചിത്ത് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.