കെഎസ്ആർടിസി കണ്ടക്ടർ അപമര്യാദയായി പെരുമാറി : വിജിലൻസിന് പരാതി നൽകി യുവാവ്
1573170
Saturday, July 5, 2025 6:35 AM IST
അഞ്ചല്‍ : രാത്രിയിൽ സ്റ്റോപ്പ് ഇല്ലെങ്കില്‍ കൂടി യാത്രക്കാര്‍ക്ക് എവിടെയാണോ ഇറങ്ങേണ്ടത് അവിടെ ഇറക്കണം എന്നാണ് കെ എസ് ആര് ടി സി മന്ത്രിയുടെ നിര്‍ദേശം. എന്നാല്‍ പല കണ്ടക്ടര്‍മാരും ഇതിന് തയാറാകുന്നില്ല എന്നു മാത്രമല്ല യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നു എന്ന വാർത്തകള്‍ കൂടി പുറത്തുവരികയാണ്. കൊല്ലം കുളത്തൂപ്പുഴ സ്വദേശി മനുവാണ് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തുന്നത്.
സിവില്‍ എൻജിനീയറായ മനു കഴിഞ്ഞ ദിവസം 9.45 ഓടെ തിരുവനന്തപുരം ചെങ്കോട്ട അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ കുളത്തൂപ്പുഴ ഡിപ്പോയില്‍ നിന്നും കയറി. ബസ് എടുത്ത് ഒരു കിലോമീറ്റര്‍ എത്തിയപ്പോഴേക്കും കണ്ടക്ടര്‍ ടിക്കറ്റ് ആവശ്യപ്പെട്ടു. നിലവില്‍ എല്ലാ സര്‍വീസുകള്‍ക്കും സ്റ്റോപ്പുള്ള മൈലമൂട്ടില്‍ ഇറങ്ങണമെന്നു മനു ആവശ്യപ്പെട്ടപ്പോള്‍ അവിടെ സ്റ്റോപ്പില്ലെന്നും രണ്ടു കിലോമീറ്റര്‍ അപ്പുറം ചോഴിയക്കോട് മാത്രമേ സ്റ്റോപ്പുള്ളൂ എന്നുമായിരുന്നു കണ്ടക്ടറുടെ മറുപടി.
എന്നാല്‍ ടിക്കറ്റ് ചോഴിയക്കോട് തന്നതിന് ശേഷം തന്നെ മൈലമൂട്ടില്‍ ഇറക്കിയാല്‍ മതിയെന്ന് പറഞ്ഞതോടെ കണ്ടക്ടര്‍ മോശമായി പെരുമാറിയെന്നു മനു പറയുന്നു. ഇതോടെ താന്‍ മൊബൈല്‍ ഫോണിൽ വീഡിയോ ഓണ്‍ ചെയ്തു.
പിന്നീട് കണ്ടക്ടർ ഒന്നും മിണ്ടിയില്ലെന്നും ഒടുവില്‍ ഡ്രൈവറോടു കാര്യം പറഞ്ഞപ്പോള്‍ ബസ് നിര്‍ത്തി തരികയായിരുന്നുവെന്നും മനു പറയുന്നു. സംഭവം ചൂണ്ടിക്കാട്ടി മനു വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്. ഒപ്പും വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന് നേരിട്ടു പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് മനു. എന്തായാലും യുവാവ് നല്കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് വിജിലന്‍സ് .