കത്തികാട്ടി ഭീഷണിപ്പെടുത്തി പണംതട്ടിയ കേസ്: രണ്ടുപേർ പിടിയിൽ
1572815
Friday, July 4, 2025 6:22 AM IST
കൊട്ടിയം: അന്യ സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് ഓട്ടോയിലെത്തി താമസക്കാരായ തൊഴിലാളികളുടെ കഴുത്തിൽ കത്തി വെച്ച് 20,000 രൂപയും അഞ്ച് മൊബൈൽ ഫോണുകളും തട്ടി എടുത്ത അഞ്ചംഗ സംഘത്തിലെ രണ്ടുപേരെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു.
ഉളിയക്കോവിൽ, ആറ്റൂർ ചിറ വീട്ടിൽ ഹരികൃഷ്ണൻ (35 ),സർവീസ് സ്റ്റേഷനിൽ ജോലിചെയ്യുന്ന കേരളപുരത്ത് വാടകയ്ക്ക് താമസിക്കുന്ന ചെന്നൈ, അരുമ്പാക്കം, എംഎംഡിഎ കോളനിയിൽ അഹമ്മദ് ഷാ എന്നിവരെയാണ് കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്. 28ന് രാത്രി 9. 30 ഓടുകൂടി കൊട്ടിയം പീടിക മുക്കിൽറഷീദിന്റെ ഉടമസ്ഥതയിൽ ഉള്ള കെട്ടിടത്തിലായിരുന്നു സംഭവം.
അഞ്ച്അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ഓട്ടോയിലെത്തിയ അഞ്ചംഗ സംഘം കതകിനു മുട്ടുകയും തൊഴിലാളികളിൽ ഒരാൾ വന്ന് കതക് തുറന്നപ്പോൾ അകത്തു കയറിയ സംഘം അവിടെയുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽഫോണും തരാൻ ആവശ്യപ്പെടുകയും അത് കൈക്കലാക്കി കടന്നു കളയുകയുമായിരുന്നു.
സംഭവം നടന്നയുടൻ കൊട്ടിയം പോലീസിൽ ഇവർ പരാതി കൊടുക്കുകയും പ്രതികൾ സഞ്ചരിക്കുന്ന ഓട്ടോ കേന്ദ്രമാക്കിയും, നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ചും കൊട്ടിയം പോലീസ് നടത്തിയ അന്വേഷണത്തിൽ കേരളപുരം സ്വദേശിയിൽ നിന്നും വാടകക്കെടുത്ത ഓട്ടോയാണെന്ന് കണ്ടെത്തുകയും പ്രതികളെ തിരിച്ചറിയുകയുമായിരുന്നു. കേസിൽ മൂന്നു പേർ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു .
പിടിയിലായവരിൽഹരികൃഷ്ണന്റെ പേരിൽ വിവിധ സ്റ്റേഷനുകളിൽ മോഷണം, അക്രമം, അബ്കാരി കേസ് ഉൾപ്പെടെ പത്തോളം കേസുകൾ നിലവിലുള്ളതായി പോലീസ് പറഞ്ഞു.
കൊട്ടിയം എസ് എച്ച് ഒ പ്രദീപ്കുമാറിന്റെ നിർദ്ദേശപ്രകാരം കൊട്ടിയം എസ് ഐ.നിധിൻ നളന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അനിൽകുമാർ, ജോയ്, സിപി ഒ മാരായ ശംഭു , പ്രവീൺ ചന്ദ്,ചന്ദു, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.