ആരോഗ്യ മന്ത്രിയുടെ രാജി : യൂത്ത് കോൺഗ്രസ് കളക്്ടറേറ്റ് മാർച്ചിൽ സംഘർഷം
1573428
Sunday, July 6, 2025 6:39 AM IST
കൊല്ലം: മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ആനന്ദവല്ലീശ്വരത്ത് നിന്നും ആരംഭിച്ച മാർച്ച് കളക്ടറേറ്റിനു മുന്നിൽ പോലീസ് തടഞ്ഞു.
ഡിസിസി വൈസ്പ്രസിഡന്റ് അരുൺ രാജ് മാർച്ച് ഉദ്ഘാടനം ചെയ്തു. ഇതിന് ശേഷം കളക്ട്രേറ്റിലെ മതിൽ ചാടി കടക്കാൻ ശ്രമിച്ച പ്രവർത്തകരും പോലീസുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ കളക്ടറേറ്റിനുള്ളിലേക്ക് ചാടിക്കടന്ന പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
കളക്ടറേറ്റിന്റെ മറ്റൊരു ഗേറ്റിലൂടെ അകത്തേക്ക് തള്ളിക്കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശി. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.
ഇന്നലെ രാവിലെ 11 മുതൽ രണ്ട് മണിക്കൂറോളം കളക്ടറേറ്റും പരിസരവും സംഘർഷഭരിതമായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് കളക്ടറേറ്റിന് അകത്തും പുറത്തും വൻ പോലീസ് സംഘം രാവിലെ മുതൽ നിലയുറപ്പിച്ചിരുന്നു.