ഏരൂര്‍ സ്വകാര്യ ബാങ്കില്‍ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി: ഒരാള്‍ അറസ്റ്റില്‍
1573427
Sunday, July 6, 2025 6:39 AM IST
അഞ്ചല്‍ : സ്വകാര്യ ബാങ്കിന്റെ ഏരൂര്‍ ശാഖയില്‍ ലക്ഷങ്ങള്‍ വെട്ടിച്ച കരാര്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രാഞ്ച് മാനേജര്‍ നല്കിയ പരാതിയിലാണ് കരവാളൂര്‍ സ്വദേശിയും ബാങ്കിലെ കരാര്‍ ജീവനക്കാരനുമായ ലിബിന് ടൈറ്റസിനെയാണ് ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ബാങ്കിലെ സ്ഥിരം നിക്ഷേപകനായ ജനാര്ദനന് പിള്ളയുടെ അക്കൗണ്ടില്‍ നിന്നുമാണ് 7.21 ലക്ഷം രൂപ ലിബിന് തട്ടിയെടുത്തത്. ബാങ്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അക്കൗണ്ട് ഉടമ അറിയാതെ ലിബിന് മൊബൈല്‍ നമ്പറില്‍ മാറ്റം വരുത്തുകയും പിന്നീട് തുക മാറ്റുകയുമായിരുന്നു.
സുഹൃത്തുക്കളും ഏരൂര്‍ സ്വദേശികളുമായ രാജേഷ്, സുമേഷ് എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് തുക മാറ്റിയത്. രാജേഷിന്റെഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്കും സുമേഷിന്റെ ഇസാഫ് ബാങ്ക് അക്കൗണ്ടിലേക്കും ട്രാൻസ്ഫർ ചെയ്ത തുക പിന്നീട് ഇരുവരും ലിബിന്റെ പിറവന്തൂർ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്ക് തിരിച്ചിടുകയും ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
തട്ടിപ്പ് വിവരം മനസിലാക്കിയ ബ്രാഞ്ച് മാനേജര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് ലിബിന് പിടിയിലായത്. രാജേഷും സുമേഷും രണ്ടും മൂന്നും പ്രതികളാണ്. അറസ്റ്റിലായ ലിബിനെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
അതേസമയം ബാങ്ക് ഉന്നതരും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബ്രാഞ്ചില്‍ ഉന്നത ഉദ്യോഗസ്ഥർ, ജീവനക്കാരില്‍ നിന്നും ഉള്‍പ്പടെ വിശദമായ മൊഴി രേഖപ്പെടുത്തിയെന്നാണ് സൂചന. കേസില്‍ അറസ്റ്റിലായ ലിബിന് ടൈറ്റസിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് ഏരൂര്‍ പോലീസിന്റെ നീക്കം.
കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുവെന്നും കേസില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്നതടക്കം അന്വേഷിക്കുകയാണെന്നും പോലീസ് പറയുന്നു. ഇയാള്‍ മുമ്പും സമാനമായ രീതിയില്‍ പണം വെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നതടക്കം പോലീസ് പരിശോധിച്ചു വരികയാണ്.