വ്യാജ പ്രമാണമുണ്ടാക്കി വസ്തു തട്ടിയ സംഭവം; വന്‍ സ്രാവുകള്‍ പിടിയിലാകുമെന്നു പോലീസ്
1573168
Saturday, July 5, 2025 6:22 AM IST
പേരൂര്‍ക്കട: വ്യാജ പ്രമാണവും വ്യാജ ആധാര്‍ കാര്‍ഡും ഉണ്ടാക്കി വസ്തു തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. വര്‍ഷങ്ങളായി അമേരിക്കയില്‍ താമസിച്ചു വരുന്ന കവടിയാര്‍ ജവഹര്‍ നഗര്‍ സ്വദേശിനി ഡോറ അസറിയ ക്രിപ്സിന്റെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവുമാണ് കൊല്ലം പുനലൂര്‍ സ്വദേശി മെറിന് ജേക്കബ് തട്ടിയെടുത്തത്. ഇവര്‍ക്കൊപ്പം കൂട്ടുപ്രതിയായ കരകുളം മരുതൂര്‍ സ്വദേശിനി വസന്തയെയും മ്യൂസിയം പോലീസ് അറസ്റ്റുചെയ്തിരുന്നു.
ഡോറ അമേരിക്കയില്‍ നിന്നു തിരുവനന്തപുരത്തേക്ക് വന്നുവെന്നും നോക്കിനടത്താനോ താമസിക്കാനോ സാധിക്കാത്തതിനാല്‍ ഇവരുടെ സമ്മതത്തോടെ തന്നെ വസ്തുവും വീടും എഴുതി നല്‍കിയെന്നുമായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്.
എന്നാല്‍ വിശദമായി രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ആധാരം രജിസ്റ്ററായി എന്നു പറയപ്പെടുന്ന ഈവര്‍ഷം ജനുവരി മാസമോ അതിനടുത്ത സമയങ്ങളിലോ ഡോ തിരുവനന്തപുരത്തേക്കോ മറ്റിടങ്ങളിലേക്കോ അമേരിക്കയില്‍ നിന്ന് യാത്രചെയ്തിട്ടില്ലെന്ന് തെളിയുകയായിരുന്നു.
ഡോറയുമായി രൂപസാദൃശ്യമുള്ളയാളാണ് വസന്ത. മെറിന് കൊല്ലം ജില്ലക്കാരിയാണെങ്കിലും പൈപ്പിന്മൂട്ടില് സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുമ്പോള്‍ പരിചയപ്പെട്ടയാളാണ് ഇത്തരമൊരു തട്ടിപ്പിന് കളമൊരുക്കിയതെന്ന് പോലീസ് പറഞ്ഞു.
വലിയൊരു തട്ടിപ്പുകേസാണ് ഇതെന്നും ഇതില്‍ വമ്പന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും മ്യൂസിയം എസ്.ഐ അറിയിച്ചു. ആധാരം രജിസ്റ്ററാക്കിയതില് മുഖ്യപങ്കുവഹിച്ച തിരുവനന്തപുരം സ്വദേശിയായ ഒരാളുടെ പങ്കും പോലീസ് അന്വേഷിച്ചുവരികയാണ്. അതേസമയം ഇടനിലക്കാരിലേക്കു മാത്രമാണ് ഇപ്പോള്‍ കേസ് എത്തിയിരിക്കുന്നതെന്നും വമ്പന്മാരിലേക്ക് എത്തിപ്പെടാന്‍ സമയമെടുക്കുമെന്നും പോലീസ് സൂചിപ്പിച്ചു.
ഡോറയുടെ വസ്തുവിന്റെ കരമടയ്ക്കാന്‍ ചെന്നപ്പോള്‍ അത് അടച്ചതായി അറിയാന്‍ സാധിച്ചുവെന്ന് പറയുന്ന ഡോറയുടെ ഭൂമിയുടെയും വസ്തുവിന്റെയും സൂക്ഷിപ്പുകാരനായ കെയര്ടേക്കറിലേക്കും അന്വേഷണം നീളും. ആവശ്യമെങ്കില്‍ ഡോറയെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തേണ്ടതായും വരും.