ചവറ പാലത്തോട് ചേർന്നുള്ള സമാന്തര പാലത്തില്‍ കാട്; അധികൃതർ മൗനത്തിൽ
1573421
Sunday, July 6, 2025 6:28 AM IST
ചവറ : ചവറ പാലത്തോട് ചേർന്നുള്ള സമാന്തര നടപ്പാലത്തിന് ചുറ്റും കാട് പിടിച്ച് കിടക്കുന്നു.
ഇത് കാരണം യാത്രക്കാര്‍ക്ക് നടക്കാന്‍ പോലും പറ്റാത്തഅവസ്ഥയായി. നായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യംപതിവായിട്ടും അധികൃതര്‍ മൗനത്തിലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു.
ഇടുങ്ങിയ ചവറ പാലത്തിലൂടെ യാത്രക്കാര്‍ക്ക് നടക്കാന്‍ പറ്റാതായതോടു കൂടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവശത്തെയും കാല്‍നട യാത്രക്കാര്‍ക്ക് പോകാനായി സമാന്തര പാലം പണിയുകയായിരുന്നു.
കെല്ലിനായിരുന്നു ഇതിന്റെ നിര്‍മാണ ചുമതല.പാലം ഇപ്പോള്‍ കാട് പിടിച്ച് കിടക്കുന്നതിനാല്‍ പലരും ഇത് വഴി പോകാന്‍ മടിക്കുകയാണ്. പാലത്തിന്റെ ഇരുവശത്ത് നിന്നും വള്ളിപ്പടര്‍പ്പുകള്‍ പടര്‍ന്ന് കയറിയനിലയിലാണ്.
കാട് പിടിച്ച് കിടക്കുന്നതിനാല്‍ ഇതു വഴിയുള്ള യാത്ര പോലും പലരും ഒഴിവാക്കുകയാണ്. വലിയ വാഹനങ്ങള്‍ വരുമ്പോള്‍ യാത്രക്കാര്‍ക്ക് ഒഴിഞ്ഞ് നില്ക്കാന് പോലും കഴിയാതെവരികയും അപകടങ്ങള്‍ കൂടുകയും ചെയ്ത സാഹചര്യത്തിലാണ് സമാന്തര പാലം നിർമിച്ചത് .
സമാന്തര പാലത്തിലെ കാട് വെട്ടിമാറ്റിയാല്‍ പഴയത് പോലെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയും. കാട് പിടിച്ച് കിടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ബന്ധപ്പെട്ട അധികൃതര്‍ ഇത് വെട്ടിത്തെളിക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല.
കാല്‍നട യാത്രക്കാരുടെ ബുദ്ധിമുട്ട് മനസിലാക്കി ഇനിയെങ്കിലും സമാന്തര പാലത്തിലെ കാട് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യം ശക്തമായി ഉയരുകയാണ്.