‘ജക്ക'എന്ന പേരിൽ മൂല്യവർധിത ഉത്പന്നങ്ങൾ പുറത്തിറക്കി
1573162
Saturday, July 5, 2025 6:22 AM IST
കൊല്ലം : അന്താരാഷ്ട്ര ജാക്ക് ഫ്രൂട്ട് ദിനത്തോടനുബന്ധിച്ച് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിലെ ഇഡി ക്ലബും ഐഇഡിസിയും ചേർന്ന് ‘ജക്ക' എന്ന പേരിൽ നൂതന ജാക്ക്ഫ്രൂട്ട് അധിഷ്ഠിത ഉത്പന്നങ്ങൾ പുറത്തിറക്കി. കൊല്ലം കളക്ടറേറ്റിൽ നടന്ന പരിപാടി എഡിഎം നിർമൽ കുമാർ ഉദ്ഘാടനം ചെയ്തു.
സംരംഭക വിദഗ്ധൻ ഷാജിയുടെ മാർഗനിർദേശപ്രകാരം അഞ്ച് വിദ്യാർഥികളുടെ സംഘം വികസിപ്പിച്ചെടുത്ത ഈ സംരംഭം, പ്രാദേശിക വിഭവങ്ങൾ ഉപയോഗിച്ച് സുസ്ഥിരവും മൂല്യവർധിതവുമായ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടത്തിയത്.
കൊല്ലം കോർപറേഷൻ കൊമേഴ്സ്യൽ ഓഫീസർ സമിത, ഡിഐസി മാനേജർ ബിനു ബാലകൃഷ്ണൻ എന്നിവർ പിന്തുണച്ച ഈ പരിപാടി, എന്റർപ്രെണർഷിപ് ക്ലബ് കോർഡിനേറ്റേഴ്സ് സ്മിത ജോർജ്, ലക്ഷ്മി സൂര്യ എന്നിവർ ഏകോപിപ്പിച്ചു.
വിദ്യാർഥി സംരംഭകത്വത്തിന്റെ വളരുന്ന മനോഭാവത്തെയും ഫാത്തിമ മാതാ നാഷണൽ കോളജിന്റെ നവീകരണത്തിനും സുസ്ഥിര വികസനത്തിനുമുള്ള പ്രതിബദ്ധതയേയും ‘ജക്ക' പ്രതിഫലിപ്പിക്കുന്നു.