ഉറ്റവര്‍ ഉപേക്ഷിച്ച അമ്മയ്ക്കും മകനും ഗാന്ധിഭവനില്‍ അഭയം
1573175
Saturday, July 5, 2025 6:35 AM IST
പത്തനാപുരം : ഉറ്റ ബന്ധുക്കളും മക്കളും ഉപേക്ഷിച്ച അമ്മയ്ക്കും മകനും ഇനി പത്തനാപുരം ഗാന്ധിഭവനില്‍ അഭയം. പാലക്കാട് കല്ലേപ്പുള്ളില് സ്വദേശികളായ രാധാമാലിനി(78),മകന് രാജഗോപാല്‍ (54) എന്നിവരെയാണ് ഗാന്ധിഭവന് ഏറ്റെടുത്തത്.
സ്വന്തമായി വീടും വസ്തുക്കളും ഇല്ലാതിരുന്ന രാധാമാലിനി കഴിഞ്ഞ 20 വര്‍ഷമായി മകനോടൊപ്പം ആന്ധ്രപ്രദേശിലെ പുട്ടപര്‍ത്തിയിലുള്ള സത്യസായി ബാബ ആശ്രമത്തിലായിരുന്നു താമസം. വര്‍ഷത്തിലൊരിക്കല്‍ നാട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിക്കുമായിരുന്നു.
സഹോദരിക്ക് ഒരു അപകടം സംഭവിച്ചതിനെത്തുടര്‍ന്ന് സന്ദര്‍ശിക്കാനെത്തിയ അമ്മയും മകനും മകളുടെ വീട്ടില്‍ നിന്നും പുറത്താക്കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ചോറ്റാനിക്കര അമ്പലത്തി ലായിരുന്നു കഴിഞ്ഞത്. വാര്‍ധക്യരോഗങ്ങള്‍ അലട്ടുന്ന ഇവരെ സംരക്ഷിക്കാന്‍ ബന്ധുക്കളും തയാറാവാതായതോടെ തീര്‍ത്തും ഒറ്റപ്പെട്ടു.
സത്യസായി സംഘത്തിന്റെ തൃപ്പൂണിത്തറ സമിതി പ്രതിനിധിയായ ജ്യോതിഷ് വഴി ഗാന്ധിഭവനില്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് ഗാന്ധിഭവന് സെക്രട്ടറിയുടെ നിര്‍ദേശാനുസരണം ഗാന്ധിഭവന് സേവനപ്രവര്‍ത്തകര്‍ ഇവരെ ഏറ്റെടുക്കുകയായിരുന്നു.