റെയിൽവേ ഗേറ്റുകളിൽ വിരമിച്ച സൈനികരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ ഉത്തരവ്
1572238
Wednesday, July 2, 2025 6:23 AM IST
കൊല്ലം: റെയിൽവേ ഗേറ്റുകളിൽ നിന്ന് സ്ഥിരം ജീവനക്കാരായ കീപ്പർമാരെ ഒഴിവാക്കി പകരം എക്സ് സർവീസ്മാൻമാരെ നിയമിക്കാൻ ഉത്തരവ്. പകരക്കാരെ കരാർ അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്.
പുനലൂർ സെക്ഷനിലെ എട്ട് ഗേറ്റുകളിൽ ഇത്തരത്തിൽ വിരമിച്ച സൈനികരെ നിയമിച്ച് കഴിഞ്ഞ ദിവസം ഉത്തരവ് ഇറങ്ങി. മധുര ഡിവിഷന് കീഴിലുള്ള ചെങ്കോട്ടയിലെ അഡീഷണൽ ഡിവിഷണൽ എൻജിനിയറുടേതാണ് ഉത്തരവ്.
വിചിത്രമായ ഈ ഉത്തരവിൽ പ്രതിഷേധിച്ച് ഡിവിഷണൽ റെയിൽവേ എംപ്ലോയീസ് യൂണിയൻ - ഡിആർഇയു അടക്കം വിവിധ സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. വേണ്ടത്ര പരിശീലനമോ പ്രവർത്തി പരിചയമോ ഇല്ലാത്തവരെയാണ് ഇത്തരത്തിൽ നിയമിക്കുന്നതെന്ന് യൂണിയൻ പുനലൂർ ബ്രാഞ്ച് പ്രസിഡന്റ് പി. എസ്. പ്രിയേഷ് ബാബുവും സെക്രട്ടറി എ. അൻസാറും ചൂണ്ടിക്കാട്ടി.
ട്രെയിൻ യാത്രകളുടെ തുടക്കം റെയിൽവേയുടെ സുരക്ഷാ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ ഉത്തരവ്. നേരത്തേയും ഇത്തരത്തിൽ കരാർ ജീവനക്കാരെ നിയമിക്കാൻ അധികൃതർ തീരുമാനിച്ചങ്കിലും റെയിൽവേ സ്ഥിരം ജീവനക്കാരുടെ ശക്തമായ എതിർപ്പ് കാരണം അത് നടന്നില്ല.
നിലവിൽ ഗേറ്റ് ഡ്യൂട്ടി ചെയ്തവരെ ട്രാക്ക് വർക്കുകൾക്കായി നിയോഗിച്ച ശേഷമാണ് കരാർ ജീവനക്കാർക്ക് ചുമതല നൽകുന്നത്.നേരത്തേ വിരമിച്ച സൈനികരെ റെയിൽവേ ഇത്തരത്തിൽ റിക്രൂട്ട് ചെയ്തിരുന്നു. അന്ന് അവർക്ക് സ്ഥിരം ജീവനക്കാരായി നിയമനവും നൽകുകയുണ്ടായി. കൃത്യമായ പരിശീലനവും നൽകിയാണ് ഇവരെ പിന്നീട് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്.
ഇപ്പോഴത്തെ ഉത്തരവ് പ്രകാരം ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർക്ക് ഒരു ദിവസത്തെ പരിശീലനം മാത്രമാണ് നൽകുന്നത്. ഈ പരീശീലനം അപ്രായോഗികമാണെന്നും ജീവനക്കാരുടെ സംഘടനാ ഭാരവാഹികൾ പറഞ്ഞു. കരാർ അടിസ്ഥാനത്തിൽ നിയമിച്ചവർക്ക് തുഛമായ പ്രതിമാസ ശമ്പളം മാത്രമാണ് കൊടുക്കുന്നത്.
മറ്റ് ആനുകൂല്യങ്ങൾ ഒന്നും നൽകാറില്ല. ഗേറ്റുകളിൽ കരാർ അടിസ്ഥാനത്തിൽ കീപ്പർമാരെ നിയമിക്കാനുള്ള ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയൻ ഭാരവാഹികൾ മധുര ഡിവിഷൻ റെയിൽവേ മാനേജർക്ക് നിവേദനം നൽകിയിട്ടുണ്ട്.
അധികൃതരുടെ ഏകപക്ഷീയമായ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് പുനലൂരിലെ റെയിൽവേ സീനിയർ സെക്ഷൻ എൻജിനിയർ ഓഫീസിന് മുന്നിൽ ഡിആർഇയുവി െന്റ നേതൃത്വത്തിൽ സമര പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.