രവാഡ ചന്ദ്രശേഖറിനെ സംസ്ഥാന ഡിജിപിയായി നിയമിച്ചതില്‍ ദുരൂഹത: പ്രേമചന്ദ്രന് എംപി
1572236
Wednesday, July 2, 2025 6:23 AM IST
കൊല്ലം: സഖാവ് പുഷ്പന് ഉള്‍പ്പെടെ ധീരരായ ആറ് ഡിവൈഎഫ്ഐ സഖാക്കളുടെ രക്തസാക്ഷിത്വത്തിനിടയാക്കിയ കൂത്തുപ്പറമ്പ് വെടിവെയ്പ്പ് കേസിലെ പ്രധാനപ്രതിയെന്ന് സിപിഎം ആരോപിച്ച രവാഡ ചന്ദ്രശേഖറിനെ സിപിഎം നേത്വത്വത്തിലുളള ഗവണ്മെന്റ് തന്നെ സംസ്ഥാന ഡിജിപിയായി നിയമിച്ചതില്‍ ദുരൂഹതയുണ്ടെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി ആരോപിച്ചു.
പിണറായി വിജയന് ഗവണ്മെന്റ് പൂർണമായും ബിജെപി - സംഘപരിവാര്‍ ശക്തികള്‍ക്ക് വിധേയപ്പെട്ടിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് പ്രേമചന്ദ്രന് പറഞ്ഞു.
2016-ല്‍ പിണറായി മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ടി.പി സെന്‍കുമാറിനെ ഒഴിവാക്കി ലോക്നാഥ് ബഹ്റയെ ഡിജിപിയായി നിയമിച്ചത്.
ആ നിമയനത്തിന് സമാനമാണ് ഇപ്പോഴത്തെ ഡിജിപി നിയമനവും. ഇത് കേരളത്തിലെ സിപിഎമ്മനേയും ബിജെപിയേയും ബന്ധിപ്പിക്കുന്ന ദൃഢമായ ‘ഹൗറ പാലമാണ്'. രവാഡ ചന്ദ്രശേഖറിനെ കുറ്റവിമുക്തനാക്കി ന്യായീകരിക്കാന്‍ മത്സരിക്കുന്ന സിപിഎം നേതാക്കള്‍ കേരള സമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്നും പ്രേമചന്ദ്രന് ആവശ്യപ്പെട്ടു.