കുളത്തൂപ്പുഴയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
1571883
Tuesday, July 1, 2025 3:42 AM IST
കുളത്തൂപ്പുഴ: ജനവാസമേഖലയി ലെത്തിയ കാട്ടാനക്കൂട്ടം വ്യാപക കൃഷി നാശം വരുത്തി. കുളത്തൂപ്പുഴ വട്ടക്കരിക്കം പെരുവഴിക്കാലയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ഓണവിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയ പുളിമൂട്ടിൽ വീട്ടിൽ ശശി -രാധ ദമ്പതികളുടെ വാഴത്തോട്ടവും കൃഷികളുമാണ് ഒറ്റ രാത്രി കൊണ്ട് കാട്ടാനകൾ നശിപ്പിച്ചത്. വാഴകൾക്ക് പുറമെ തെങ്ങുകൾ, കമുക് ഉൾപ്പെടെയുള്ള കൃഷികളും നശിപ്പിച്ചു.
കോളനികൾക്ക് ചുറ്റുമായി വർഷങ്ങൾക്ക് മുൻപ് ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച സൗരോർജ വേലികൾ പൂർണമായും തകർന്നു. മനുഷ്യ- വന്യ ജീവി സംഘർഷം കുറയ്ക്കുവാൻ വേണ്ടി ആവിഷ്കരിച്ച വനാവരണം പദ്ധതി പൂർത്തിയാകാതെ ഒതുങ്ങുകയും ചെയ്തതോടെ കാട്ടുമൃഗ ശല്യം രൂക്ഷമായി.
ഇതിനിടെ വനാതിർത്തികളിൽ ആനക്കിടങ്ങുകൾ എടുക്കുമെന്ന അധികൃതരുടെ ഉറപ്പും ജലരേഖയായി മാറിയതായി കർഷകർ പറയുന്നു.
അമ്പലക്കടവിൽ നിന്നും ആദിവാസി മേഖലയിലേക്കു കടന്നുപോകുന്ന റോഡുകൾ കാട്ടുമൃഗങ്ങളായ ആനയുടെയും കാട്ടുപോത്തിന്റെയും സഞ്ചാര പാത ആയിരിക്കുകയാണ് .ഈ പ്രദേശങ്ങളിലെ ജനജീവിതം വളരെ ദുരിതത്തിലാണ്.
കാട്ടുമൃഗശല്യം വർധിക്കുന്പോൾ ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിസംഗത പാലിക്കുകയാണ്. യാത്രക്കാർ പേടിച്ചാണ് ഈ വഴിയിൽ കൂടി ജോലി കഴിഞ്ഞ് വീടുകളിൽ എത്തുന്നത് . വന്യമൃഗങ്ങളുടെ കൈകളിൽ നിന്നും തങ്ങളുടെ കൃഷിസ്ഥലങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പല നിവേദനങ്ങൾ നൽകിയിട്ടും ഫലമുണ്ടായില്ല.