താത്കാലിക നിയമനത്തെച്ചൊല്ലി തർക്കം : പുനലൂർ നഗരസഭ കൗൺസിൽ യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു
1571881
Tuesday, July 1, 2025 3:42 AM IST
പുനലൂർ: താത്കാലിക നിയമനത്തെച്ചൊല്ലി തർക്കമുണ്ടായതി നെ തുടർന്ന് പുനലൂർ നഗരസഭ കൗൺസിൽ യോഗത്തിൽ നി ന്നും പ്രതിപക്ഷം ഇറങ്ങിപോ യി. നഗരസഭയിൽ ദിവസവേതനക്കാരായ ആറു കണ്ടിജന്റ് ജീവനക്കാര്‍ തങ്ങളെ പകരക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടി ഹൈക്കോടതിയെ സമീപിച്ച് നേടിയ ഉത്തരവ് കൗൺസിൽ യോഗത്തിൽ അംഗീകരിക്കുന്നതിനായി അജണ്ട വച്ചിരുന്നു.
എന്നാൽ ഇതിന്റെ മറവിൽ നഗരസഭയിലെ താത്കാലിക ഡ്രൈവറേയും വാച്ചറേയും കൂടി പകരക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി ഭരണനേതൃത്വം അജണ്ട കൊണ്ടുവന്നതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് വന്നത്.
2020 ജനുവരിയിൽ മറ്റ് കണ്ടിജന്റ് ജീവനക്കാരോടൊപ്പം ഇവരെയും ദിവസ വേതനത്തിൽ നിയമിക്കുന്നതിന് കൗൺസിൽ അംഗീകാരം നൽകിയിരുന്നതായും അതിനാൽ ഇവരെ കൂടി പകരക്കാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ഭരണ നേതൃത്വം ആവശ്യപ്പെട്ടു.
എന്നാൽ അവർ രണ്ടുപേരും കണ്ടിജന്റ് ജീവനക്കാരായിട്ടല്ല നിലവിൽ ജോലി ചെയ്യുന്നതെന്നും ഡ്രൈവറേയും വാച്ചറേയും നിയമിക്കുന്നതിന് എംപ്ലോയ്മെന്റ് വഴിയാണ് ഇന്റർവ്യൂ നടത്തി എടുക്കേണ്ടതെന്നും പ്രതിപക്ഷം അറിയിച്ചു.
വർഷങ്ങളായി ഡ്രൈവർ എന്ന പേരിലും വാച്ചർ എന്ന പേരിലും ശമ്പളം എഴുതി വാങ്ങുന്ന രണ്ടുപേരെ നിയമം മറികടന്ന് പകരക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങി വരുമ്പോൾ ആ കാര്യത്തിൽ നടപടി എടുക്കാവുന്നതാണെന്നും പ്രതിപക്ഷ കൗൺസിൽ അംഗങ്ങൾ അറിയിച്ചു.എന്നാൽ ഇവർക്ക് നിയമനം നൽകണോ വേണ്ടയോ എന്നത് സർക്കാരിലേക്ക് കത്തെഴുതി ചോദിക്കാമെന്ന് ഭരണപക്ഷം അറിയിച്ചു.
ഈ വിഷയത്തിൽ നഗരസഭാ സെക്രട്ടറിയുടെ അഭിപ്രായം എന്താണെന്ന് അറിയണമെന്ന് യുഡിഎഫ് അംഗങ്ങൾ കൗൺസിൽ യോഗത്തിൽ ചോദിച്ചു. ഈ വിഷയത്തിൽ സെക്രട്ടറി അഭിപ്രായം പറയാൻ അനുവദിക്കാതെ ഭരണപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തുവന്നു.
സെക്രട്ടറിക്ക് പറയാനുള്ളത് എന്താണെന്നറിയാൻ തങ്ങൾക്ക് അവകാശം ഉണ്ടെന്നും അതിന് സംസാരിക്കാന്‍ അവരെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷ അംഗങ്ങൾ സെക്രട്ടറിയുടെ അടുത്തുചെന്ന് സംസാരിച്ചു.
ഡ്രൈവറേയും വാച്ചറേയും പകരക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ എടുക്കുന്ന തീരുമാനം നിയമവിരുദ്ധമാണെന്ന് സെക്രട്ടറി പ്രതിപക്ഷ അംഗങ്ങളെ അറിയിച്ചു.
ഇതോടെ ഈ തീരുമാനത്തിൽ നിന്നും പിന്മാറണമെന്ന് യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടുവെങ്കിലും തങ്ങൾക്കുള്ള ഭൂരിപക്ഷം ഉപയോഗിച്ചുകൊണ്ട് പകരക്കാരുടെയും പട്ടികയിൽ ഉൾപ്പെടുത്തുന്ന വിവരം സർക്കാരിന്റെ അനുമതി തേടുകയാണെന്ന് ഭരണപക്ഷ അംഗങ്ങൾ അറിയിച്ചു.
അതോടെ തീരുമാനത്തിൽ വിയോജിപ്പ് അറിയിച്ചുകൊണ്ട് പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽ യോഗത്തിൽ നിന്നും വാക്കൗട്ട് നടത്തി പുറത്തിറങ്ങി. തങ്ങൾക്ക് ഭൂരിപക്ഷം ഉള്ളതുകൊണ്ട് പുനലൂർ പട്ടണത്തിലെ മുഴുവൻ ജനങ്ങളെയും ഇടതു പക്ഷം വെല്ലുവിളിക്കുകയാണെന്നും ഇതിനു മറുപടി നൽകാൻ പുനലൂരിലെ ജനങ്ങൾ തയാറെടുത്തിരിക്കുകയാണെന്നും യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ജി.ജയപ്രകാശ് ,കൗൺസിലർമാരായ എൻ .സുന്ദരേശൻ, എസ്. പൊടിയൻപിള്ള, കെ .കനകമ്മ, ബീന സാമുവൽ ,എം .പി .റഷീദ് കുട്ടി, ഷെമി.എസ്.അസീസ്, ജ്യോതി സന്തോഷ്, നിർമല സത്യൻ, റംലത്ത് സഫീർ, ഷഫീല ഷാജഹാൻ എന്നിവർ അറിയിച്ചു.