ഹോട്ടലില്‍ നിന്നും വാങ്ങിയ ബിരിയാണിയില്‍ കുപ്പിച്ചില്ല്
1572235
Wednesday, July 2, 2025 6:23 AM IST
കൊല്ലം: ഹോട്ടലില്‍ നിന്നും വാങ്ങിയ ബിരിയാണിയില്‍ കുപ്പിച്ചില്ല് കണ്ടതായി പരാതി. ചിതറയിലെ ഹോട്ടലില്‍ നിന്ന് വാങ്ങിയ ബിരിയാണിയിലാണ് കുപ്പിച്ചില്ല് കണ്ടത്. ചില്ല് കുടുങ്ങി തൊണ്ട മുറിഞ്ഞ കിളിത്തട്ട് സ്വദേശി സൂരജ് ആശുപത്രിയില്‍ ചികിത്സ തേടി.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ചിതറ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനായ സൂരജ് ഹോട്ടലില്‍ നിന്നും നാല് ബിരിയാണി പാർസലായി വാങ്ങിയത്.
വീട്ടിലെത്തിയ സൂരജ് ഗര്‍ഭിണിയായ ഭാര്യയ്ക്കും സഹോദനുമൊപ്പം ബിരിയാണി കഴിച്ചു.പകുതിയോളം കഴിച്ചപ്പോൾ സൂരജിന് വായ്ക്കുള്ളില്‍ എന്തോ തടഞ്ഞതായി തോന്നി. എല്ലിന് കഷണമാണന്ന് കരുതി കടിച്ചു പൊട്ടിച്ചു.
അസ്വാഭാവികത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുറത്തെടുത്തപ്പോഴാണ് കുപ്പിച്ചില്ലാണെന്ന് മനസിലായത്. തുടര്‍ന്ന് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇയാളുടെ തൊണ്ടയില്‍ മുറിവുണ്ട്.
എക്സ്-റേ ഉള്‍പ്പെടെ എടുത്ത് നോക്കിയെങ്കിലും ശരീരത്തിനുള്ളില്‍ കുപ്പിച്ചില്ല് ഉള്ളതായി
കണ്ടെത്തിയില്ല. എന്നാല്‍ മറ്റു ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയാണെങ്കില്‍ സ്കാനിംഗ് ഉള്‍പ്പെടെ നടത്തണമെന്ന് നിര്‍ദേശിച്ച് ആശുപത്രി അധികൃതര്‍ മരുന്ന് നല്കി വിട്ടയച്ചു.
തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിനും കടയ്ക്കല്‍ പോലീസിലും യുവാവ് പരാതി നല്കി.സംഭവം ഹോട്ടലുടമയെ അറിയിച്ചപ്പോള്‍ മോശമായി പെരുമാറിയെന്നും സൂരജ് പറയുന്നു.
തന്റെ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനാണ് സൂരജി െന്റ ശ്രമമെന്നാണ് ഹോട്ടലുടമയുടെ പ്രതികരണം.അതേ സമയം ബിരിയാണിയിൽ നിന്നും കുപ്പിച്ചില്ല് കണ്ടെത്തിയ സംഭവത്തെ തുടർന്ന്, ചിതറ കിഴക്കുംഭാഗത്തെ ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ പരിശോധന നടത്തി.
ഹോട്ടലിലെ ഹൈജീൻ മാനദണ്ഡങ്ങൾ, അവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന രീതികൾ, ഭക്ഷ്യപദാർഥങ്ങളുടെ ശുദ്ധത, പാചക സംവിധാനങ്ങളുടെ സ്ഥിതി എന്നിവ വിശദമായി പരിശോധിച്ചു.
പരിശോധനയുടെ ഭാഗമായി തൊഴിലാളികൾക്ക് ഹെൽത്ത് കാർഡുകൾ ഇല്ലായ്മ, തെറ്റായ സംഭരണ സംവിധാനങ്ങൾ, പത്രങ്ങളിലെ അപാകതകൾ തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഹോട്ടൽ ഉടമയ്ക്ക് അധികൃതർ നോട്ടീസ് നൽകി.