പായിക്കട റോഡിലെ പോസ്റ്റ് അപകടാവസ്ഥയിൽ
1571874
Tuesday, July 1, 2025 3:42 AM IST
കൊല്ലം: ഏത് നിമിഷവും നിലംപതിക്കാവുന്ന രീതിയിൽ ബിഎസ്എൻഎൽ പോസ്റ്റ് വഴിമുടക്കിയായി നിൽക്കുന്നു. ദിനംപ്രതി ആയിരക്കണത്തിന് ആളുകൾ വരുന്ന മാർക്കറ്റ് റോഡായ പായ്ക്കട റോഡിലാണ് പോസ്റ്റ് നിൽക്കുന്നത്.
ക്ലോക്ക് ടവറിന്റെ ഭാഗത്ത് നിന്നും സ്വകാര്യ ബസുകൾ സ്റ്റാൻഡിലേക്ക് കയറുന്ന വീതികുറഞ്ഞ റോഡാണിത്. പാർക്കിംഗ് ഏരിയ തീരെ ഇല്ലാത്തതും അപകട സാധ്യത വർധിപ്പിക്കുന്നു.
പോസ്റ്റിനു സമീപത്ത് കൂടി യാത്ര ചെയ്യുന്നവർ ഭയപ്പാടിലാണ്. അപകടാവസ്ഥയിൽ നിൽക്കുന്ന പോസ്റ്റ് ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ഒഎഫ്സി സംവിധാനം വന്നതോടുകൂടി ഈ പോസ്റ്റുകളുടെ ആവശ്യമില്ലാതെയായി .
എന്നിട്ടും അങ്ങോളമിങ്ങോളം ഈ പോസ്റ്റുകൾ എല്ലാം തന്നെ നോക്കുകുത്തികളായി നിൽക്കുകയാണ്. ഇത്തരത്തിൽ കിടന്ന ഒരു പോസ്റ്റിൽ നിന്നും കാസ്റ്റ് അയൺ പൊട്ടിച്ചെടുക്കുവാനായി രണ്ട് യുവാക്കൾ ചേർന്ന് കുണ്ടറയിൽ റെയിൽവേ ട്രാക്കിന് കുറുകെ രണ്ട് പ്രാവശ്യം പോസ്റ്റ് കൊണ്ട് വെച്ചത് ട്രെയിൻ അട്ടിമറി ശ്രമം എന്ന നിലയിൽ വലിയ വാർത്തയായിരുന്നു.
ഒരുവർഷമായി അപകടാവസ്ഥയിൽ നിൽക്കുന്ന പോസ്റ്റു മാറ്റി റോഡുകൾ കൂടുതൽ സൗകര്യപ്രദമാക്കാൻ ബന്ധപ്പെട്ടവർ വേണ്ടനടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.