ഷവർമകട ഉടമയെ ആക്രമിച്ച പ്രതി അറസ്റ്റിൽ
1458292
Wednesday, October 2, 2024 6:05 AM IST
പരവൂർ : ഷവർമ ആവശ്യപ്പെട്ടിട്ട് നല്കിയില്ലായെന്ന കാരണത്തിൽ കട ഉടമയേയും തൊഴിലാളിയും മർദിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിൽ ഒരാളെ പരവൂർ പോലീസ് അറസ്റ്റ് ചെയ്തു. പരവൂർ കോങ്ങാൽ കൊളച്ചേരിയിൽ സഹീർ (23) ആണ് പോലീസ് പിടിയിലായത്.
സഹീറും ബന്ധുവായ യുവാവും കൂടി നഗരത്തിൽ പ്രവർത്തിക്കുന്ന ഫാസ്റ്റ് ഫുഡ് വിൽപ്പന കേന്ദ്രത്തിൽ എത്തി ഷവർമ ആവശ്യപ്പെട്ടു. ഷവർമ ഇല്ലായെന്നും നിലവിൽ ഉള്ളത് വിൽപ്പന നടത്തി കഴിഞ്ഞതാണെന്നും കട ഉടമ സോണിയ അറിയിച്ചു. എന്നാൽ മദ്യലഹരിയിൽ ആയിരുന്ന യുവാക്കൾ തട്ടിക്കയറുകയും മറ്റൊരാൾക്കു വേണ്ടി തയാറാക്കി വച്ചിരുന്ന ഷവർമ എടുക്കാൻ ശ്രമം നടത്തി.
ഇതു തടഞ്ഞ ഉടമയെ മർദിക്കാൻ ശ്രമിക്കുകയും കൈയിൽ കടന്നു പിടിച്ച് അപമാനിക്കാൻ ശ്രമിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. ഇത് തടയാൻ എത്തിയ തൊഴിലാളിയേയും മർദിക്കുകയും ഷവർമ കട്ട് ചെയ്യാൻ ഉപയാഗിക്കുന്ന കത്തിയെടുത്ത് വെട്ടാനും മുതിർന്നു. ഷവർമ മെഷീനും മറ്റും കേടുവരുത്തുകയും ചെയ്തു.
നാട്ടുകാർ ഓടിക്കൂടിയതോടേ പ്രതികൾ കത്തിയുമായി വാഹനത്തിൽ കയറി രക്ഷപെട്ടു. ഒളിവിൽ പോയ പ്രതികളിൽ സഹീറിനെ പോലീസ് പിടികൂടുകയായിരുന്നു. ഇതറിഞ്ഞ പ്രതികളുടെ സുഹൃത്തുകളിൽ ചിലർ കടയിൽ എത്തി കേസ് പിൻവലിക്കണമെന്നും ഇല്ലായെങ്കിൽ വീണ്ടും അക്രമിക്കുമെന്നും കച്ചവടം നടത്താൻ അനുവദിക്കില്ലായെന്നും ഭീഷണിപ്പെടുത്തിയതായും കടയുടമ പറഞ്ഞു.
അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യപരിശോധനകൾക്കു ശേഷം പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരവൂർ എസ്എച്ച്ഒ ദീപുവിന്റെനേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വിഷണുസജീവ്, സിവിൽ പോലീസ് ഓഫീസർമാരായ ലിജു, സച്ചിൻ , നെൽസൺ തുടങ്ങിയവരാണ് പ്രതി പിടികൂടിയത്.