നവീകരണം അന്ത്യഘട്ടത്തിൽ കോട്ടാത്തല എൽപിഎസ് ഹൈടെക്കാകും
1435869
Sunday, July 14, 2024 3:32 AM IST
കൊട്ടാരക്കര : കോട്ടാത്തല ഗ്രാമത്തിന്റെ വിദ്യാലയ മുത്തശിയായ ഗവ. എൽപി എസ് ഹൈടെക് ആകും. മന്ത്രി കെ.എൻ. ബാലഗോപാൽ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നത്. ക്ളാസ് മുറികളും ഓഫീസ് മുറിയുമടങ്ങുന്ന രണ്ട് നില കെട്ടിടമാണ് നിർമിക്കുന്നത്.
ആദ്യ നിലയുടെ കോൺക്രീറ്റ് പൂർത്തിയാക്കി. അടുത്ത നിലയുടെ തൂണുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. മാസങ്ങൾക്കുമുന്പേ തന്നെ നിർമാണ ജോലികൾ തുടങ്ങിയെങ്കിലും സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കൊന്നും തടസമാകാതെയാണ് നിർമാണം നടന്നു വരുന്നത്. കൊട്ടാരക്കര- പുത്തൂർ റോഡരികിലായി തണ്ണീർ പന്തൽ ക്ഷേത്രത്തിന് സമീപത്തായാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
റോഡിന്റെഅഭിമുഖമായുള്ള കെട്ടിടത്തിലാണ് നിലവിൽ അധ്യയനവും ഓഫീസ് പ്രവർത്തനങ്ങളും. ഈ അധ്യന വർഷത്തിൽത്തന്നെ കെട്ടിടം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനാകും.
ഓടുമേഞ്ഞ പഴയ കെട്ടിടം പൂർണമായി പൊളിച്ചുനീക്കിയ ശേഷമാണ് പുതിയ കോൺക്രീറ്റ് കെട്ടിടം നിർമിക്കുന്നത്. അതുകൊണ്ടുതന്നെ സ്ഥല പരിമിതികൾ ഇപ്പോൾ രൂക്ഷമാണ്. കൊച്ചുകുട്ടികൾ പഠിക്കുന്ന വിദ്യാലയമെന്ന നിലയിൽ അതീവ സുരക്ഷാ മുൻകരുതലുകളോടുകൂടിയാണ് നിർമാണ ജോലികൾ നടത്തുന്നത്.
1913ൽ ആണ് കോട്ടാത്തല ജംഗ്ഷൻ കേന്ദ്രമാക്കി വിദ്യാലയം സ്ഥാപിച്ചത്. ഓലമേഞ്ഞ കെട്ടിടത്തിൽ തുടങ്ങിയ പ്രവർത്തനം പിന്നീട് ഓടുമേഞ്ഞ കെട്ടിടത്തിലേക്ക് മാറി. നാലാം ക്ളാസ് വരെയാണ് ഇവിടെയുള്ളത്.
കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കെ ചുറ്റുവട്ടങ്ങളിലെത്തിയിട്ടും ഗവ.എൽപി സ്കൂളിൽ കുട്ടികളുടെ കുറവ് കാര്യമായി ബാധിച്ചില്ല. എൽപി വിഭാഗത്തിന് പുറമെ പ്രീ പ്രൈമറി വിഭാഗവും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.