കൊട്ടാരക്കര : കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്റെ കൈത്താങ്ങ് ഭവനപദ്ധതിയുടെ ഭാഗമായി വെട്ടിക്കവല ബ്ലോക്ക് കമ്മിറ്റി സദാനന്ദപുരം നെല്ലിവിള വീട്ടില്‍ മഞ്ജുവിന് നിര്‍മിച്ച് നൽകിയ വീടിന്റെ പ്രവേശനം യൂണിയന് ബ്ലോക്ക് സെക്രട്ടറി എം. രവിനാഥന്‍പിള്ള, ട്രഷറര്‍ ആര്. തുളസീധരന്‍പിള്ള എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. സിപിഎം സദാനന്ദപുരം ലോക്കല്‍ സെക്രട്ടറി ജി ശശിധരന്‍പിള്ള, പെന്‍ഷനേഴ്സ് യൂണിയന് ജില്ലാ കമ്മിറ്റിയംഗം വി. സദാനന്ദന്, യൂണിറ്റ് സെക്രട്ടറിമാരായ എല്‍. ഗീവര്‍ഗീസ്, എം. ജോര്‍ജ്, മോഹനന് ആചാരി, ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ ശ്യാമളകുമാരി, പി.രാമകൃഷ്ണപിള്ള, രവികുമാര്‍, പ്രഭാകരന് എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞ ഡിസംബര്‍ 14നാണ് വീടിന് കല്ലിട്ട് നിര്‍മാണം തുടങ്ങിയത്. ബ്ലോക്കിലെ പെന്‍ഷനേഴ്സ് യൂണിയന് അംഗങ്ങളില്‍ നിന്നും സമാഹരിച്ച ഒന്‍പത് ലക്ഷം രൂപ ചെലവഴിച്ച് 542 ചതുരശ്ര അടിയില്‍ നിര്‍മിച്ച വീട്ടില്‍ രണ്ട് കിടക്ക മുറി, അടുക്കള, ഹാള്‍, സിറ്റൗട്ട്, അറ്റാച്ച്ഡ് ബാത്ത് റൂം തുടങ്ങിയ സൗകര്യങ്ങളാണുള്ളത്. വിധവയായ മഞ്ജുവും 10 വയസുള്ള മകന് ബിബിന്‍ രോഗികളായ അച്ഛന് മാധവന്, അമ്മ തങ്കമ്മ എന്നിവരടങ്ങുന്ന നിര്‍ധന കുടുംബം ടാര്‍പ്പാളിന്‍ പൊതിഞ്ഞ ഷെഡിലാണ് താമസിച്ചു വന്നിരുന്നത്.
ഇത് ശ്രദ്ധയില്‍പ്പെട്ട സംഘടനയുടെ ഭാരവാഹികള്‍ അവരുടെ പേരിലുള്ള മൂന്നു സെന്റ് വസ്തുവില്‍ വീട് നിര്‍മിച്ച് നൽകുകയായിരുന്നു. വീടിന്റെ താക്കോല്‍ ദാനം കൊല്ലത്ത് നടന്ന യൂണിയന് സംസ്ഥാന സമ്മേളന ത്തില്‍ മന്ത്രി ജെ.ചിഞ്ചുറാണി മഞ്ജുവിന് കൈമാറിയിരുന്നു.