ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണശ്രമം: പ്രതികൾ പിടിയിൽ
1374292
Wednesday, November 29, 2023 1:24 AM IST
കൊല്ലം: ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം നടത്താൻ ശ്രമിച്ച പ്രതികൾ പിടിയിലായി.കടപ്പാക്കട, പീപ്പിൾസ് നഗറിൽ മക്കാനി ഷിബു(40), കൊല്ലം, കൂട്ടിക്കട, തട്ടാനത്ത് കിഴക്കതിൽ, ഒടിയൻ ബിജു എന്ന ഷംനാദ്(37), ചന്ദനത്തോപ്പ്, മാമൂട്, പുത്തൻവീട്ടിൽ മുകേഷ്(39) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
ആശ്രമം ശ്രീ കൃഷ്ണസ്വാമി ക്ഷേത്ര കോന്പൗണ്ടിൽ അതിക്രമിച്ച് കടന്ന പ്രതികൾ അവിടെ സൂക്ഷിച്ചിരുന്ന കാണിക്ക വഞ്ചി കുത്തി തുറന്ന് മോഷണം നടത്താൻ ശ്രമിക്കുകയായിരുന്നു. ഇത് കാണാൻ ഇടയായ വ്യക്തി ആ വിവരം ഉടൻ പോലീസ് ഹെൽപ്പ് ലൈൻ നന്പറായ 112 ൽ വിളിച്ച് അറിയിച്ചതിനെ തുടർന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസ് സംഘം ഉടൻ സ്ഥലത്ത് എത്തി പ്രതികളെ പിടികൂടുകയായിരുന്നു.
പിടിയിലായ മൂന്ന് പേരും സ്ഥിരം മോഷ്ടാക്കളും നിരവധി മോഷണ കേസുകളിൽ പ്രതികളും ആണ്. കൊല്ലം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ഷബ്ന, വിഷ്ണു, പ്രേം പ്രസാദ്, സിപിഓ മാരായ അനു, ശ്രീകുമാർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.