ഓപ്പറേഷൻ സ്പൈഡർ: കണ്ണനല്ലൂർ പോലീസ് മുപ്പതോളം ബൈക്കുകൾ പിടിച്ചു
1299534
Friday, June 2, 2023 11:27 PM IST
കൊട്ടിയം: വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കണ്ണനല്ലൂർ പോലീസ് സംഘടിപ്പിച്ച ഓപ്പറേഷൻ സ്പൈഡർ എന്ന പദ്ധതി നടപ്പാക്കി. ഇതിന്റെ ഭാഗമായി നടന്ന പരിശോധനയിൽ മുപ്പതോളം ബൈക്കുകൾ പിടികൂടി. സ്കൂൾ സമയത്ത് ഓടിച്ച ടിപ്പറും പിടികൂടിയിട്ടുണ്ട്.
ലൈസൻസ് ഇല്ലാതെയും മൂന്നുപേർ യാത്ര ചെയ്തതും അമിതവേഗതയും മൊബൈൽ ഉപയോഗിച്ചും മതിയായ രേഖകൾ ഇല്ലാതെയും ശരിയായ നമ്പർപ്ലേറ്റ് ഇല്ലാതെയും ഓടിച്ച വാഹനങ്ങളാണ് പിടികൂടിയത്. സ്കൂൾ ഓപ്പണിംഗുമായി ബന്ധപ്പെട്ട് കണ്ണനല്ലൂർ, മുട്ടക്കാവ്, പള്ളിമൺ, നല്ലില പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നിട്ടുള്ളത്.
സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള പൂവാലശല്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ഓപ്പറേഷൻ സ്പൈഡർ എന്ന പ്രോഗ്രാം സംഘടിപ്പിച്ചത്. പിടിച്ചെടുത്ത വാഹനങ്ങൾക്കും ഉടമകൾക്കും ഓടിച്ചവർക്കുമെതിരെ കർശന നടപടി ഉണ്ടാകുമെന്നും വരും ദിവസങ്ങളിലും ഓപ്പറേഷൻ റൈഡർ തുടരുമെന്നും കണ്ണനല്ലൂർ എസ്എച്ച്ഒ ജയകുമാർ.വി അറിയിച്ചു.
എസ്എച്ച്ഒ ജയകുമാർ.വി യുടെ നേതൃത്വത്തിൽ എസ്ഐ. അരുൺഷാ, എഎസ്ഐ മാരായ ഹരി സോമൻ, രാജേന്ദ്രൻ പിള്ള, എസ് സിപിഒ മാരായ പ്രമോദ്, ഹുസൈൻ, മനാഫ്, അനൂപ്, സജി, അനിൽ, ദിനേശ് എന്നിവരടങ്ങുന്ന സംഘമാണ് ഓപ്പറേഷൻ സ്പൈഡറിൽ പങ്കെടുത്തത്.