തെരുവുനായ ആക്രമണത്തിൽ രണ്ടുപേർക്ക് കടിയേറ്റു
1262217
Wednesday, January 25, 2023 11:24 PM IST
ചവറ: ചവറയിൽ തെരുവ് നായ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു. ആടുകളെ കടിച്ച് കൊന്ന നായ്ക്കൾ പശുവിനേയും കടിച്ചു. പട്ടത്താനം, ഭരണിക്കാവ് എന്നിവിടങ്ങളിലാണ് തെരുവ് നായ ആക്രമണം ഉണ്ടായത്.
ചവറ പട്ടത്താനം മുള്ളിയിൽ വീട്ടിൽ രഘു, കറവക്കാരൻ രാധാകൃഷണൻ എന്നിവർക്കും, ജാസ്മിൻ മന്ദിരത്തിൽ ലീലയുടെ പശുവിനുമാണ് കടിയേറ്റത്. മുഖത്ത് ഉൾപ്പെടെ കടിയേറ്റ രഘുവിനെ ചവറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പല്ലും നഖവും കൊണ്ട് മുറിവേറ്റ രാധാകൃഷ്ണൻ പേ വിഷബാധയ്ക്കെതിരെ കുത്തിവെയ്പ് എടുത്തു. പശുവിനെ വെറ്ററിനറി ഡോക്ടർ പരിശോധിച്ച് വാക്സിൻ നൽകി.
ചവറ ഭരണിക്കാവ് പ്ലാവിള പടിഞ്ഞാറ്റതിൽ അബ്ദുൽ കരീമിന്റെ ആറ് ആടുകളെയാണ് നായ്ക്കൾ കടിച്ചു കൊന്നത്. കഴിഞ്ഞ ദിവസം രാത്രി തെരുവ് നായകൾ കൂട്ടമായി എത്തി തൊഴുത്ത് പൊളിച്ച് രണ്ട് വലിയ ആടുകളെയും നാല് ചെറിയ ആടുകളെയും ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണന്ന് നാട്ടുകാർ പറഞ്ഞു.