കര്‍ഷകര്‍ക്ക് കൈത്താങ്ങാകാന്‍ മൂല്യവര്‍ധിത കൃഷി മിഷന് വ്യാപിപ്പിക്കും: മന്ത്രി പി. പ്രസാദ്
1244292
Tuesday, November 29, 2022 11:00 PM IST
കൊല്ലം: കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത ലക്ഷ്യമാക്കി മൂല്യവര്‍ധിത കൃഷി മിഷന് പ്രവര്‍ത്തനങ്ങള്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് മന്ത്രി പി. പ്രസാദ്.
അഗ്രികള്‍ച്ചര്‍ വിഎച്ച്എസ്ഇ, ഡിപ്ലോമ, ബിഎസ്സി പാസായവര്‍ക്ക് ജില്ലയിലെ കൃഷിഭവനുകള്‍, ഫാമുകള്‍ എന്നിവിടങ്ങളില്‍ രണ്ടു വര്‍ഷത്തേക്ക് സ്റ്റൈപ്പെന്റോടെ അപ്രന്റീസ്ഷിപ്പ് നിയമനം നല്കുന്ന അഗ്രിടെക് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ജയന് സ്മാരക ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കൃഷിയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കായി സാങ്കേതികവിദ്യ ലഭ്യമാക്കുക, കാര്‍ഷിക-മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണനശൃംഖല വികസിപ്പിക്കുന്നതിന് സാമ്പത്തിക സഹായം ഉറപ്പാക്കി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയുമാണ് കൃഷിമിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
പ്രായഭേദമന്യേ എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണം. വിഷാംശമില്ലാത്ത സുഭിക്ഷവും സുരക്ഷിതവുമായ കാര്‍ഷികഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ കഴിയും. കാര്‍ഷികവിളകള്‍, പഴ വര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ കേടുകൂടാതെ സൂക്ഷിച്ച് വിപണനം നടത്താന്‍ കൂടുതല്‍ കോള്‍ഡ് സ്റ്റോറേജ് സംവിധാനമൊരുക്കും.
കാര്‍ഷികമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ജനകീയ പങ്കാളിത്തം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. അഗ്രിടെക് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 100 പേര്‍ക്കാണ് നിയമനം നല്‍കിയത്.
ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന മഴമറ, പൊലിയോ പൊലി, കൊയ്ത്ത്-മെതി യന്ത്രങ്ങള്‍ വാങ്ങിനല്‍കല്‍ എന്നീ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് സുമലാല്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ജെ. നജീബത്ത്, വസന്ത രമേശ്, ഡോ.പി. കെ. ഗോപന്, അനില്‍ എസ്. കല്ലേലിഭാഗം, ജില്ലാ ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനി എം. വിശ്വനാഥന്, ജില്ലാ കൃഷി ഓഫീസര്‍ സി. അജയകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.