കാക്കനാടൻ അനുസ്മരണ സമ്മേളനം 19ന്; സംഘാടക സമിതി രൂപീകരിച്ചു
1226658
Saturday, October 1, 2022 11:15 PM IST
കൊല്ലം: കഥാകാരൻ കാക്കനാടന്റെ 11-ാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം കാക്കനാടൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 19 ന് വിപുലമായ പരിപാടികളോടെ കൊല്ലത്ത് സംഘടിപ്പിക്കുന്നു. ആശ്രാമം ഭാസി ചെയർമാനായും എ. റഷീദ് കൺവീനറായും ടൈറ്റസ് എസ് കുമാർ, എൻ വിജയധരൻ എന്നിവർ ജോയിന്റ് കൺവീനർമാരായും സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ടി. മോഹനൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി രാധ കാക്കനാടൻ, ബിജു നെട്ടറ, ഇടയ്ക്കാട് സിദ്ധാർഥൻ, എൻ പി ജവഹർ എന്നിവർ പ്രസംഗിച്ചു.
19 - ന് രാവിലെ ഒമ്പതിന് കൊല്ലം പോളയത്തോട് സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടക്കും. വൈകുന്നേരം നാല് മുതൽ കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ ഫൗണ്ടേഷൻ ചെയർമാൻ എം.എ.ബേബിയുടെയും വർക്കിംഗ് ചെയർമാൻ മുൻരാജ്യസഭ അംഗം കെ.സോമപ്രസാദിന്റെയും നേതൃത്വത്തിൽ അനുസ്മരണ പരിപാടികളും നടക്കും. സമ്മേളനത്തിൽ പ്രശസ്ത സാഹിത്യ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.