ഏഴാംക്ലാസിലെ അധ്യാപകന്റെ ഓർമകളിലേക്ക് എഴുപതാം വയസിലൊരു മടക്കയാത്ര
1576391
Thursday, July 17, 2025 12:42 AM IST
സ്വന്തം ലേഖകൻ
ഭീമനടി: ദീർഘകാലം മുംബൈയിൽ ജോലിചെയ്ത ശേഷം നാട്ടിലെത്തി ജോലിയും വിശ്രമവുമായി കഴിയുന്ന തിരുവല്ല തടിയൂർ സ്വദേശി പി.കെ. പ്രേമചന്ദ്രൻ തന്റെ എഴുപതാം വയസിൽ കാസർഗോഡ് ജില്ലയിലെ ഭീമനടിയിലേക്കൊരു യാത്ര നടത്തിയത് അത്രമേൽ അമൂല്യമായ ഓർമകളുടെ മധുരം മനസിൽ സൂക്ഷിച്ചുകൊണ്ടാണ്.
കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ കനകപ്പലം എംടി യുപി സ്കൂളിൽ അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ തന്നെ പഠിപ്പിച്ച കാരിയ്ക്കൽ ജോർജ് ജോസഫ് സാറിന്റെ ഓർമകളിലേക്കായിരുന്നു ആ മടക്കയാത്ര.
തന്റെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകനെ തേടി മാസങ്ങളായി നടത്തിയ അന്വേഷണത്തിന്റെ പര്യവസാനമായിരുന്നു അത്.
അദ്ദേഹം ജീവിച്ചിരിക്കുന്നില്ലെന്നറിഞ്ഞെങ്കിലും ഭീമനടി ക്രിസ്തുരാജാ പള്ളിയിലെ അദ്ദേഹത്തിന്റെ കബറിടത്തിൽ നിറഞ്ഞ കണ്ണുകളോടെ പ്രാർഥിക്കാനെത്തിയപ്പോൾ പ്രേമചന്ദ്രന്റെ മനസും നിറഞ്ഞുകവിയുകയായിരുന്നു.
ജോർജ് ജോസഫ് എന്ന അധ്യാപകന്റെ പേരും അദ്ദേഹത്തിന്റെ മകന്റെ പേരും മാത്രമാണ് പ്രേമചന്ദ്രന് അറിയാമായിരുന്നത്. കിട്ടിയ വിവരങ്ങൾ വച്ച് പല സ്ഥലങ്ങളിലും അന്വേഷണം നടത്തി. തന്റെ ജീവിതത്തിൽ അത്രമേൽ സ്വാധീനിച്ച വ്യക്തിയാണ് ജോർജ് ജോസഫ് സാറെന്ന് പ്രേമചന്ദ്രൻ പറയുന്നു.
ഏറെ നാളത്തെ അന്വേഷണങ്ങൾക്ക് ശേഷമാണ് കാസർഗോഡ് ജില്ലയിലെ കല്ലംചിറ കെഐ എഎൽപി സ്കൂളിൽ 1977 കാലഘട്ടത്തിൽ അദ്ദേഹം മുഖ്യാധ്യാപകനായിരുന്നുവെന്ന് അറിയുന്നത്. ഇതിന്റെ ചുവടുപിടിച്ചുള്ള അന്വേഷണമാണ് ഒടുവിൽ പ്രേമചന്ദ്രനെ ജോർജ് സാറിന്റെ മക്കളുടെ അടുത്തും ഭീമനടിയിലുമെത്തിച്ചത്.
ജോർജ് ജോസഫ് സാറിന്റെ ഓർമകൾ ഉറങ്ങുന്ന കല്ലംചിറ കെഐ എഎൽപി സ്കൂളും സാർ താമസിച്ചിരുന്ന വീടും കാണാനെത്തിയ പ്രേമചന്ദ്രൻ സാറിനോടുള്ള സ്നേഹസൂചകമായി സ്കൂളിലേക്ക് ഒരു സംഭാവനയും നല്കി.
ജോർജ് സാറിന്റെ മക്കളുടെ വീടുകളിലുമെത്തി സ്നേഹബന്ധത്തിന്റെ തുടർച്ച ഉറപ്പാക്കിയാണ് മടങ്ങിയത്.