വെറുതേ ഈ നഗരസഭാ കെട്ടിടങ്ങൾ
1575431
Sunday, July 13, 2025 8:34 AM IST
കാസർഗോഡ്: ലക്ഷങ്ങൾ ചെലവഴിച്ച് കെട്ടിടങ്ങൾ നിർമിക്കാനും മോടിപിടിപ്പിക്കാനും കാണിക്കുന്ന താത്പര്യം അവ ഉപയുക്തമാക്കുന്ന കാര്യത്തിൽ കാസർഗോഡ് നഗരസഭയുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന് പരാതി. 40 വർഷത്തിലേറെ പഴക്കമുള്ള പാലിക ഭവൻ നഗരസഭാ ലോഡ്ജ് മുതൽ വഴിയോര കച്ചവടക്കാരുടെ പുനരധിവാസത്തിനായി പുതിയ ബസ് സ്റ്റാൻഡിൽ നിർമിച്ച കടമുറികൾ വരെ ഇതിനുദാഹരണങ്ങളായി നിൽക്കുകയാണ്.
1982 ലാണ് കാസർഗോഡ് ബാങ്ക് റോഡിൽ ടൗൺ യുപി സ്കൂളിന് എതിർവശത്തായി നഗരസഭയുടെ ഉടമസ്ഥതയിൽ അഞ്ചുനില കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്. നഗരസഭകൾക്ക് കൂടുതൽ അധികാരങ്ങൾ നല്കിയ നഗരപാലിക ബില്ലിന്റെ പേരുചേർത്താണ് കെട്ടിടസമുച്ചയത്തിന് പാലിക ഭവൻ എന്ന് പേരിട്ടത്. എന്നാൽ കെട്ടിടം തുറന്ന് കാലങ്ങളായിട്ടും ആദ്യ രണ്ട് നിലകളിലെ വാണിജ്യ ആവശ്യത്തിനുള്ള മുറികൾ മാത്രമാണ് കൃത്യമായി ഉപയോഗിക്കാൻ കഴിഞ്ഞിട്ടുള്ളത്.
മുകളിലത്തെ മൂന്നു നിലകളിലായി ഒരുക്കിയ ലോഡ്ജ് മുറികൾ തുടക്കകാലം മുതൽ കാര്യമായി ആരും എടുക്കാനില്ലാതെ വെറുതേ കിടക്കുകയാണ്. 12 ഡബിൾ റൂമുകളും 10 സിംഗിൾ റൂമുകളുമൊക്കെ ഉണ്ടെങ്കിലും സർക്കാർ ജീവനക്കാർക്കോ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കോ വേണ്ടിയുള്ള ഹോസ്റ്റലായി പോലും ഇവ ഒരിക്കലും പ്രയോജനപ്പെടുത്തിയില്ല. എന്നിട്ടും എട്ടുവർഷം മുമ്പ് നഗരസഭ വീണ്ടും 30 ലക്ഷത്തോളം രൂപ ചെലവിട്ട് ഈ മുറികളിൽ പുതിയ ഫാനുകളും മറ്റും സ്ഥാപിക്കുകയും ശുചിമുറികൾ നവീകരിക്കുകയുമൊക്കെ ചെയ്തിരുന്നു.
പക്ഷേ താമസിക്കാൻ ആരുമെത്തിയില്ലെന്നു മാത്രം. ഒടുവിൽ കോവിഡ് കാലത്ത് ഇവിടം ചികിത്സാകേന്ദ്രമാക്കാൻ ശ്രമിച്ചപ്പോഴേക്കും കാലങ്ങളായി അടഞ്ഞുകിടന്നതുമൂലം വൈദ്യുതിബന്ധം പോലും വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്നു. ഇപ്പോൾ കാലപ്പഴക്കം മൂലം പല മുറികളിലും ചുവരിലും മേൽക്കൂരയിലും നിന്ന് സിമന്റ് പാളികൾ അടർന്നുവീഴുന്ന നിലയിലായി. ഇനി ഈ കെട്ടിടം അധികനാൾ നിലനിർത്താനാവുമെന്ന് നഗരസഭാ അധികൃതർ പോലും പ്രതീക്ഷിക്കുന്നില്ല.
താഴെയുള്ള രണ്ട് നിലകളിലെ വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് ഇത്രനാളും കിട്ടിയ വാടക മാത്രമാണ് ഈ കെട്ടിടം കൊണ്ട് നഗരസഭയ്ക്കുണ്ടായ പ്രയോജനം.
നാല് പതിറ്റാണ്ട് മുമ്പ് നിർമിച്ച കെട്ടിടത്തിന്റെ കഥ ഇങ്ങനെയാണെങ്കി ഇപ്പോഴത്തെ ഭരണസമിതിയുടെ കാലത്തുതന്നെ രണ്ടുവർഷം മുമ്പ് പുതിയ ബസ് സ്റ്റാൻഡിൽ വഴിയോര കച്ചവടക്കാരുടെ പുനരധിവാസത്തിനായി 28 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടം ഇതുവരെ തുറക്കാൻ കഴിഞ്ഞിട്ടില്ല. 33 കടമുറികളാണ് ഇതിലുള്ളത്.
പഴയ ബസ് സ്റ്റാൻഡിലും ജനറൽ ആശുപത്രി പരിസരത്തും കാലങ്ങളായി വഴിയോര കച്ചവടവും ലോട്ടറി കച്ചവടവും നടത്തുന്ന 33 പേരെ ഇവിടേക്ക് പുനരധിവസിപ്പിക്കാനായിരുന്നു പദ്ധതി. പഴയ ബസ് സ്റ്റാൻഡിലെ വഴിയോര കച്ചവടം കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും മറ്റു വ്യാപാരികൾക്കുമെല്ലാം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന പരാതിയെ തുടർന്നായിരുന്നു നഗരസഭ ഇങ്ങനെയൊരാശയം കൊണ്ടുവന്നത്.
എന്നാൽ തിരക്കേറിയ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് കിട്ടുന്ന കച്ചവടം ഇവിടെ കിട്ടാനിടയില്ലെന്നു ചൂണ്ടിക്കാട്ടി വഴിയോര കച്ചവടക്കാർ ഇവിടേക്ക് വരാൻ മടിക്കുകയാണ്. അവരുടെ ആശങ്കകൾ ചർച്ചയിലൂടെ പരിഹരിക്കാനാണ് ഇപ്പോൾ നഗരസഭയുടെ ശ്രമം. അത് എന്നേക്ക് നടക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. വഴിയോര കച്ചവടക്കാർക്ക് ഇവിടേക്കുവരാൻ താത്പര്യമില്ലായിരുന്നെങ്കിൽ നഗരസഭ ലക്ഷങ്ങൾ ചെലവഴിച്ച് ഇത്രയും കടമുറികൾ നിർമിക്കേണ്ട ആവശ്യമെന്തായിരുന്നുവെന്ന ചോദ്യവും ബക്കിയാണ്.