അമ്പിലാടി തൂക്കുപാലം അപകടാവസ്ഥയില്‍
1575572
Monday, July 14, 2025 1:57 AM IST
താന്നിയടി: നടപ്പാതയും പാര്‍ശ്വഭാഗവും തകര്‍ന്ന് ബേഡഡുക്കയിലെ അമ്പിലാടി തൂക്കുപാലം അപകടാവസ്ഥയില്‍. നിത്യവും ജീവന് പണയംവച്ച് പാലം കടക്കുന്നത് സ്കൂള്‍ വിദ്യാര്‍ഥികളടക്കം ഒട്ടേറെപ്പേര്‍.ബേഡുക്ക പഞ്ചായത്തിലെ അമ്പിലാടി-താന്നിയടി പൂഴയ്ക്കു കുറുകെ നിര്‍മിച്ച തൂക്കുപാലമാണ് കാലപ്പഴക്കത്താല്‍ ദ്രവിച്ച് യാത്രക്കാരുടെ ജീവനുതന്നെ ഭീഷണിയായത്.
യാത്രക്കാര്‍ നടന്നുപോകുന്ന കോണ്‍ക്രീറ്റ് പലകകള്‍ പൊളിഞ്ഞ് വലിയ ദ്വാരമുണ്ടായിട്ടുണ്ട്.
യാത്രക്കാരുടെ സുരക്ഷയ്ക്കായി പാര്‍ശ്വഭാഗങ്ങളില്‍ പിടിപ്പിച്ച ഇരുമ്പ് കമ്പിവല തുരുമ്പെടുത്ത് പൂര്‍ണമായും മുറിഞ്ഞുപോയി. കാലു തെറ്റിയാല്‍ പുഴയിലേക്ക് പതിക്കും.
ബേഡഡുക്ക പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ജില്ലാ പഞ്ചായത്ത്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, പുല്ലൂര്‍-പെരിയ പഞ്ചായത്തുകളുടെ ഫണ്ടുപയോഗിച്ച് ജനപങ്കാളിത്തത്തോടെ നിര്‍മിച്ച പാലം 2002ല്‍ ആണ് ഉദ്ഘാടനം ചെയ്തത്.
നൂറോളം പട്ടികജാതി വിഭാഗക്കാരും മറ്റുള്ളവരും താമസിക്കുന്ന പ്രദേശമാണ് അമ്പിലാടി. പാലം കടന്നുവേണം അമ്പിലാടി നിവാസികള്‍ക്ക് കല്യോട്ട്, പെരിയ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെത്താന്‍.
തൂക്കുപാലത്തിലൂടെയല്ലാതെ ലക്ഷ്യസ്ഥാനത്തെത്താന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കണം.
പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.