നിലയ്ക്കാത്ത മഴയിൽ കമുകിനും തെങ്ങിനും രോഗങ്ങൾ പടരുന്നു
1575573
Monday, July 14, 2025 1:57 AM IST
പാലാവയൽ: പതിവിലും നേരത്തേ എത്തി നിലയ്ക്കാതെ പെയ്യുന്ന മഴയിൽ കമുകിനും തെങ്ങിനും രോഗങ്ങൾ പടരുന്നത് മലയോര കർഷകർക്ക് ദുരിതമാകുന്നു. കമുകിൻ തോട്ടങ്ങളിൽ മഹാളി രോഗവും മഞ്ഞളിപ്പും പൂർവാധികം ശക്തിയോടെ വ്യാപകമാവുകയാണ്. കായ്കളിലും പൂക്കളിലും ചൂടുവെള്ളം വീണ് പൊള്ളിയത് പോലെയുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നതാണ് രോഗബാധയുടെ ആദ്യ ലക്ഷണം.
ദിവസങ്ങൾക്കകം തന്നെ പെൺപൂക്കളും പാകമാകാത്ത കായ്കളും അഴുകി കൊഴിഞ്ഞുവീഴുന്നത് നിസ്സഹായതയോടെ നോക്കിനിൽക്കേണ്ട അവസ്ഥയിലാണ് കർഷകർ. കാലവർഷം നേരത്തേ എത്തിയതുമൂലം മിക്ക തോട്ടങ്ങളിലും ഇത്തവണ പ്രതിരോധ മരുന്നുകൾ തളിക്കാൻ കഴിയാതെ വന്നതാണ് പ്രശ്നം രൂക്ഷമാക്കിയത്.
വിട്ടുമാറാത്ത മഴയും തണുപ്പും ഫംഗസിന്റെ വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷമൊരുക്കുന്നു. ഒരു കമുകിൽ രോഗം പ്രത്യക്ഷപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ തോട്ടത്തിലെ മറ്റ് കമുകുകളിലേക്കും അടുത്തുള്ള മറ്റ് തോട്ടങ്ങളിലേക്കും പടരുന്നു.
കുറച്ചുദിവസമെങ്കിലും മഴ വിട്ടുമാറിയാൽ കമുകുകളിൽ ബോര്‍ഡോ മിശ്രിതം തളിച്ച് രോഗം പടരുന്നത് നിയന്ത്രിക്കാൻ കഴിയുമായിരുന്നുവെന്ന് കർഷകർ പറയുന്നു. മരുന്നു തളിക്കുന്നതിന് വേണ്ടിവരുന്ന ഭാരിച്ച ചെലവും കര്‍ഷകര്‍ക്ക് ബാധ്യതയാകുന്നുണ്ട്.
മഴയും തണുപ്പും നിറഞ്ഞ കാലാവസ്ഥയിൽ തെങ്ങുകളിൽ മണ്ടചീയൽ രോഗവും വ്യാപകമായി. തെങ്ങിന്റെ നാമ്പോലയിലും ചുറ്റുമുള്ള ഒന്നോ രണ്ടോ ഓലകളിലും മഞ്ഞനിറത്തിലോ ഇളം കറുപ്പുനിറത്തിലോ ഉള്ള പാടുകള്‍ പ്രത്യക്ഷപ്പെടുമ്പോഴാണ് രോഗബാധ തിരിച്ചറിയുന്നത്. നാമ്പോല വലിച്ചാല്‍ എളുപ്പത്തില്‍ ഊരിപ്പോരുകയും ചെയ്യും.
രോഗാരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ തെങ്ങിനെ രക്ഷപ്പെടുത്താൻ കഴിയുമെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
നാമ്പോലയില്‍ കേടു ബാധിച്ചു കാണുന്ന ഭാഗം മുറിച്ചുമാറ്റിയ ശേഷം മുറിപ്പാടിനുചുറ്റും ബോര്‍ഡോ മിശ്രിതം പുരട്ടി പോളിത്തീന്‍ കവര്‍ കൊണ്ട് പൊതിഞ്ഞ് സൂക്ഷിക്കണമെന്നാണ് അവരുടെ നിർദേശം.
എന്നാൽ രോഗം മൂർഛിച്ച് നാമ്പോല ചീഞ്ഞുവീഴുമ്പോൾ മാത്രമാണ് പലപ്പോഴും കർഷകർ തെങ്ങിന് രോഗം ബാധിച്ച വിവരം മനസ്സിലാക്കുന്നത്. തേങ്ങയിടാൻ തന്നെ തൊഴിലാളികളെ കിട്ടാത്ത കാലത്ത് തെങ്ങിന്റെ മണ്ട വൃത്തിയാക്കാൻ വഴിയൊന്നും കാണാത്ത നിലയാണെന്നും കർഷകർ പറയുന്നു.