വനിത ഫുട്ബോളിനോട് അവഗണന: പി. മാളവിക
1576390
Thursday, July 17, 2025 12:42 AM IST
കാഞ്ഞങ്ങാട്: വനിത ഫുട്ബോളിനോടുള്ള അധികൃതരുടെ അവഗണന ഇപ്പോഴും തുടരുന്നുണ്ടെന്നും പുരുഷ ഫുട്ബോള്‍ താരങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ വനിത ഫുട്ബോള്‍ ടീമിന് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും ഇന്ത്യന്‍ ഫുട്ബോള്‍ താരം പി. മാളവിക.
കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ നടന്ന മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇത്തവണ ഇന്ത്യന്‍ വനിത ടീം മികച്ച പ്രകടനത്തോടെ ചരിത്രത്തിലാദ്യമായി ഏഷ്യകപ്പിനുള്ള യോഗ്യത നേടാന്‍ കാരണമായതും അവഗണനയ്ക്കെതിരായ വാശിയോടെയുള്ള പോരാട്ടമാണ്. വനിതകള്‍ക്ക് പ്രഫഷണല്‍ ഫുട്ബോള്‍ ഒരു കരിയറായി എടുക്കാന്‍ സാധിക്കുന്ന സാഹചര്യമല്ല നിലവിലുള്ളത്. പരിക്കുപറ്റിയാല്‍ ഒരു പക്ഷേ കായികജീവിതം തന്നെ അവസാനിച്ചേക്കാം.
അഞ്ചാംക്ലാസ് മുതല്‍ കാണുന്ന സ്വപ്നമാണ് ഇന്ത്യന്‍ ടീമിന്റെ ജഴ്സി അണിഞ്ഞതോടെ സഫലമായത്. 26 വര്‍ഷത്തിനുശേഷമാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ ഒരു മലയാളി പെണ്‍കുട്ടി ബൂട്ടണിയുന്നതെന്ന് എന്നത് ഏറെ അഭിമാനാര്‍ഹമായ നേട്ടമാണ്.
വനിത ഫുട്ബോള്‍ ലീഗില്‍ തമിഴ്നാട് മധുരയിലെ സേതു എഫ്സിക്കായി നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീമിലേക്ക് വഴിതുറന്നത്. അത്യാവശ്യം ഹിന്ദി അറിയാമായിരുന്നതിനാല്‍ സഹകളിക്കാരുമായുള്ള ആശയവിനിമയം അത്ര ബുദ്ധിമുട്ടായിരുന്നില്ലെന്നും മാളവിക പറഞ്ഞു.
സെപ്റ്റംബറില്‍ നടക്കുന്ന വനിത ഫുട്ബോള്‍ ലീഗില്‍ സേതു എഫ്സിക്കായി കളത്തിലിറങ്ങും. അടുത്തവര്‍ഷം ഓസ്ട്രേലിയയിലാണ് എഎഫ്സി ഫുട്ബോള്‍ ടൂര്‍ണമെന്റ് നടക്കുക. സ്വീകരണത്തിരക്കുകള്ക്കിടയിലും അടുത്ത ടൂര്‍ണമെന്റുകള്‍ക്കായുള്ള പരിശീലനത്തില്‍ മാളവിക യാതൊരു മുടക്കവും വരുത്തുന്നില്ല. പ്രസ്ഫോറം പ്രസിഡന്റ് ഫസലു റഹ്മാന് ഉപഹാരം സമ്മാനിച്ചു.