രാജ്യസ്നേഹമെന്നാല്‍ കേന്ദ്രസര്‍ക്കാരിനോടുള്ള അമിതവിധേയത്വമല്ല: പ്രകാശ് ബാബു
1575432
Sunday, July 13, 2025 8:34 AM IST
വെള്ളരിക്കുണ്ട്: രാജ്യസ്നേഹമെന്നത് കേന്ദ്രസര്‍ക്കാരിനോടുള്ള അമിത വിധേയത്വമല്ലെന്ന് സിപിഐ ദേശീയ നിര്‍വാഹകസമിതിയംഗം കെ. പ്രകാശ്ബാബു. സിപിഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളില്‍ കേന്ദ്ര ഭരണാധികാരികള്‍ക്കെതിരെയുള്ള പരാമര്‍ശംപോലും രാജ്യസ്നേഹത്തിന് എതിരെന്ന നിലയിലാണ് മോദി സര്‍ക്കാര്‍ കാണുന്നത്. ഇന്ത്യയുടെ വിദേശ നയത്തില്‍ വന്ന മാറ്റങ്ങള്‍ അമേരിക്കന്‍ വിധേയത്വം മുറുകേ പിടിക്കുന്നതാണ്. ഈ മാറ്റങ്ങള്‍ 2014ന് മുമ്പേ കോണ്‍ഗ്രസ് തുടക്കം കുറിച്ചതാണെങ്കിലും അത് ഇപ്പോള്‍ തീവ്രമായി കൊണ്ടുപോകുകയാണ് മോദി സര്‍ക്കാര്‍.
തൊഴിലുറപ്പ് ബജറ്റ് വിഹിതം ഓരോ വര്‍ഷവും വെട്ടിക്കുറക്കുകയാണ്. കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച പ്രധാനമന്ത്രി കാര്‍ഷികവിളകള്‍ക്ക് താങ്ങുവിലപോലും പ്രഖ്യാപിക്കുന്നില്ല. രാസവളത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.
ഇത്രയും വളര്‍ന്ന രാജ്യത്തിന് രാസവളം ഇറക്കുമതി ചെയ്യേണ്ടി വരുന്നത് ലജ്ജാകരമാണ്. ഇറക്കുമതി ചെയ്യുന്ന വളത്തിന്റെ പായ്ക്കറ്റിന്റെ പുറത്ത് നരേന്ദ്ര മോദിയുടെ ഫോട്ടോയും അകത്ത് ചൈനയുടെ ഉത്പന്നവുമാണ്. ഇന്ത്യയെ പരാശ്രയത്തിലേക്ക് കൊണ്ടുപോവുകയാണ് മോദി സര്‍ക്കാര്‍.
ഫാസിസത്തിനെതിരായ പോരാട്ടമാണ് കമ്മ്യൂണിസ്റ്റുകാര്‍ ഈ കാലഘട്ടത്തില്‍ ഏറ്റവും പ്രധാനമായും ഏറ്റെടുക്കേണ്ടത്. ഇന്ത്യന്‍ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പോരാട്ടം നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട കടമയായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
പി. സന്തോഷ് കുമാര്‍ എംപി, ഇ. ചന്ദ്രശേഖരന് എംഎല്‍എ, മന്ത്രി ജി.ആര്. അനില്‍, സി.പി. മുരളി, പി. വസന്തം, കെ.കെ. അഷ്റഫ്, സി.പി. ബാബു, എം. അസിനാര്‍, വി. രാജന്, ഗോവിന്ദന് പള്ളിക്കാപ്പില്‍, ബങ്കളം കുഞ്ഞികൃഷ്ണന്, കെ.വി. കൃഷ്ണന്, പി. ഭാര്‍ഗവി, വി. സുരേഷ് ബാബു എന്നിവര്‍ സംബന്ധിച്ചു. കെ.എസ്. കുര്യാക്കോസ് സ്വാഗതം പറഞ്ഞു.
സിപിഐ മന്ത്രിമാര്‍ക്ക് രൂക്ഷവിമര്‍ശനം
സിപിഐ ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടിയുടെ മന്ത്രിമാര്‍ക്ക് രൂക്ഷവിമര്‍ശനം. ഭക്ഷ്യ-സിവില്‍സപ്ലൈസ് മന്ത്രി ജി.ആര്. അനിലിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ അദ്ദേഹത്തിന്റെ വകുപ്പിനു തന്നെയാണ് ഏറ്റവുമധികം വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നത്.
വിലക്കയറ്റം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സിവില്‍ സപ്ലൈസ് ഔട്ട്ലെറ്റുകള് അവശ്യസാധനങ്ങളില്ലാതെ കാലിയടിച്ചുകിടക്കുന്നത് ജനങ്ങളില്‍ ഏറെ അവമതിപ്പുണ്ടാക്കിയെന്ന് വിമര്‍ശനമുയര്‍ന്നു. റവന്യു പോലെ പ്രധാനപ്പെട്ട വകുപ്പ് പാര്‍ട്ടിയുടെ കൈയിലുണ്ടായിട്ടും സിപിഎമ്മാണ് അവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നു.
ജനോപകാരപ്രദമായ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ മന്ത്രിമാര്‍ പരാജയപ്പെട്ടെന്നും മുന്‍കാലങ്ങളില്‍ സിപിഐ മന്ത്രിമാര്‍ക്ക് ലഭിച്ചിരുന്ന സ്വീകാര്യത കുറഞ്ഞുവരികയാണെന്നും പ്രതിനിധികള്‍ ആരോപിച്ചു.
സര്‍ക്കാര്‍ ഓഫീസുകളിലെ ഒഴിവുകള്‍ നികത്തണം: സിപിഐ
ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ 1500ലധികം ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തരനപടി സ്വീകരിക്കണമെന്ന് സിപിഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഇതുമൂലം സര്‍ക്കാരിന്റെ പദ്ധതികളും ദൈനംദിന പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടത്തുവാന്‍ കഴിയുന്നില്ല.
വില്ലേജ് ഓഫീസുകളിലേതടക്കം പ്രധാനപ്പെട്ട നിരവധി തസ്തികളും ഒഴിഞ്ഞുകിടക്കുന്നു. മറ്റു ജില്ലകളില്‍ നിന്നു വരുന്നവര്‍ അവധി എടുക്കുകയോ ഏതെങ്കിലും വിധത്തില്‍ മറ്റു മേഖലയിലേക്ക് ഡെപ്യൂട്ടേഷന് പോലെയുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സ്ഥലംമാറ്റം തരപ്പെടുത്തുകയോ ചെയ്യുന്നു. സര്‍വേ വകുപ്പില്‍ നിന്നും സ്ഥലംമാറിപോയ 30 ലധികം സര്‍വേയര്‍മാര്‍ക്ക് പകരം ആരെയും നിയമിച്ചിട്ടില്ല.
മറ്റു ജില്ലകളില്‍ നിന്നു ശിക്ഷാനടപടികള്‍ക്ക് വിധേയരാകുന്നവരെ ശിക്ഷാനടപടികളുടെ ഭാഗമായി നിയമിക്കുന്നതും കാസര്‍ഗോഡ് ജില്ലയിലാണ്. ജില്ലയിലെ സര്‍വീസ് മേഖലയുടെ കാര്യക്ഷമതയെ ഇതു ദോഷകരമായി ബാധിക്കുന്നതായുംസമ്മേളനം കുറ്റപ്പെടുത്തി.