സ്കൂൾ വികസനഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ പിൻവലിച്ചു; മുൻ പ്രിൻസിപ്പൽ ഇൻ ചാർജിനെതിരെ പരാതി
1575424
Sunday, July 13, 2025 8:33 AM IST
മൊഗ്രാൽ: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ പിൻവലിച്ചതുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ ഇൻ ചാർജിനെതിരെ പരാതി.
വിഎച്ച്എസ്ഇ പ്രിൻസിപ്പലിന്റെ ചുമതല വഹിച്ചിരുന്ന അധ്യാപകനെതിരെ എസ്എംസി ചെയർമാനായിരുന്ന സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, നിലവിലുള്ള എസ്എംസി ചെയർമാൻ ആരിഫ് എൻജിനീയർ എന്നിവരാണ് കുമ്പള പോലീസിൽ പരാതി നല്‍കിയത്.
സ്കൂളിൽ നടന്ന സാമ്പത്തിക ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിടിഎയുടെ നേതൃത്വത്തിൽ വിജിലൻസിനും ജില്ലാ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർക്കും പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന പിടിഎ യോഗത്തിലാണ് 2023-24, 2024-25 വർഷങ്ങളിൽ സ്കൂൾ വികസനഫണ്ടുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ക്രമക്കേട് ചർച്ചയായത്. ഇത് പിടിഎ യോഗത്തിൽ വലിയ ബഹളത്തിനും വഴിവച്ചിരുന്നു. സ്കൂളിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ലഭിച്ച എസ്എസ്കെ ഫണ്ട് ഉൾപ്പെടെയുള്ള തുകയാണ് തിരിമറി നടത്തിയതെന്നാണ് ആക്ഷേപം.
സ്കൂളിലെ ദൈനംദിന ആവശ്യങ്ങൾക്കായി ചെറിയ തുകകൾ എഴുതി തങ്ങൾ ഒപ്പിട്ടുനല്‍കിയ ചെക്കുകളിൽ പിന്നീട് വലിയ തുകകൾ എഴുതിച്ചേർക്കുകയായിരുന്നുവെന്നാണ് എസ്എംസി ചെയർമാൻമാർ പോലീസിൽ നല്കിയ പരാതിയിൽ പറയുന്നത്.
വ്യാജ ഒപ്പിട്ടും പണം പിൻവലിച്ചിട്ടുണ്ടെന്നാണ് ആരോപണം. സ്കൂൾ കെട്ടിട നിർമാണം, ശുചിമുറി നിർമാണം, പഠനോപകരണങ്ങൾ വാങ്ങാനുള്ള ഫണ്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട് 2023-24 വർഷം 13 ലക്ഷം രൂപയും 2024-25 വർഷം 22 ലക്ഷം രൂപയും പിൻവലിച്ചതായാണ് പരാതി. വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.