കായലോരത്ത് വേരുപിടിപ്പിച്ച കണ്ടൽതൈകൾ പിഴുതെറിഞ്ഞു
1575423
Sunday, July 13, 2025 8:33 AM IST
വലിയപറമ്പ്: ഇടയിലക്കാട് കവ്വായി കായലോരത്ത് കണ്ടൽ വനവത്കരണത്തിനായി വേരുപിടിപ്പിച്ച് വച്ചിരുന്ന അഞ്ഞൂറിലേറെ കണ്ടൽതൈകൾ പട്ടാപ്പകൽ പിഴുതെറിഞ്ഞു.
ഇടയിലക്കാട്ടെ മത്സ്യത്തൊഴിലാളിയും കണ്ടൽ സംരക്ഷകനുമായ ഒ. രാജന്റെ നേതൃത്വത്തിൽ വേരുപിടിപ്പിച്ച് വച്ചിരുന്ന ഒരു മാസം പ്രായമായ കണ്ടൽ തൈകളാണ് സാമൂഹ്യവിരുദ്ധർ പിഴുതെടുത്ത് കരയിലിട്ട് നശിപ്പിച്ചത്.
തെക്കെ മുനമ്പ് മുതൽ ബണ്ട് വരെയുള്ള ഭാഗത്ത് എട്ടായിരത്തിലധികം കണ്ടൽ ചെടികൾ നട്ടുവളർത്തിയിട്ടുള്ള രാജന്റെ കണ്ടൽ തൈകളുടെ നഴ്സറിയായിരുന്നു ഇവിടം. കഴിഞ്ഞ ദിവസവും കായലോരത്ത് നടുന്നതിനായി ഇവിടെനിന്ന് വേരു പിടിപ്പിച്ച കണ്ടൽ തൈകൾ കൊണ്ടുപോയിരുന്നു. അതിന് ശേഷമാണ് ബാക്കിയുണ്ടായിരുന്ന തൈകൾ സാമൂഹ്യവിരുദ്ധർ പറിച്ചെടുത്ത് കളഞ്ഞത്.