ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ക്ക് അടിയന്തരനടപടി വേണം: സിപിഐ
1575567
Monday, July 14, 2025 1:57 AM IST
വെള്ളരിക്കുണ്ട്: ജില്ലയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് വിദഗ്ധ ചികിത്സയടക്കം വേഗത്തില്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ ജില്ലയിലെ ആരോഗ്യ മേഖലയില്‍ വലിയ കുറവുകള്‍ നിലനില്‍ക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ച്ചയായി ഒന്‍പതു വര്‍ഷം സംസ്ഥാനത്ത് അധികാരത്തില്‍ ഇരുന്നിട്ടും കാസർഗോഡ് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ആരംഭിച്ചിട്ടില്ല.
മെഡിക്കല്‍ കോളജ് എന്ന ബോര്‍ഡ് സ്ഥാപിച്ച് മറ്റു ഭാഗങ്ങളില്‍നിന്ന് കുറച്ച് ഡോക്ടര്‍മാരെയും ചുരുക്കം മറ്റു ജീവനക്കാരെയും മാറ്റി നിയമിച്ചു എന്നതൊഴിച്ചാല്‍ മറ്റു മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ജില്ലാ ആശുപത്രിയോടനുബന്ധിച്ച് നിര്‍മിച്ച ബഹുനില കെട്ടിടം ഇപ്പോഴും ഉപയോഗിക്കുന്നില്ല. ആവശ്യത്തിന് തസ്തികകള്‍ അനുവദിക്കുകയോ അനുവദിച്ച തസ്തികകളില്‍ നിയമിക്കപ്പെട്ടവര്‍ അവധിയെടുത്തു പോകുന്നത് തടയുകയോ ചെയ്യുന്നില്ല.
പുതിയ കെട്ടിടങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും സര്‍ക്കാർ ഫണ്ട് അനുവദിച്ചാലും അവ നടപ്പില്‍ വരുത്താന്‍ വര്‍ഷങ്ങള്‍ എടുക്കുന്ന സ്ഥിതിയാണ്. ഇക്കാര്യത്തില്‍ ഒരു ജാഗ്രതയും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. കോവിഡ് കാലത്ത് ചട്ടഞ്ചാല്‍ ആരംഭിച്ച ടാറ്റ കോവിഡ് ആശുപത്രി സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചതല്ലാതെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.
ഇതിന്റെയൊക്കെ ഫലമായി ജനങ്ങള്‍ക്ക് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയിലെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം എന്ന നിലയില്‍ ജില്ലയിലെ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നും നിലവിലെ ഒഴിവുകള്‍ നികത്തി അധിക തസ്തികള്‍ സൃഷ്ടിച്ച ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം മൂന്ന് കാന്റിഡേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 38 അംഗ ജില്ലാ കൗണ്‍സിലിനെയും ഒന്‍പതംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.
ജില്ലാ കൗണ്‍സിലംഗങ്ങള്‍: സി.പി. ബാബു, ഗോവിന്ദന് പള്ളിക്കാപ്പില്‍, ടി. കൃഷ്ണന്, കെ.വി. കൃഷ്ണന്, ബങ്കളം കുഞ്ഞികൃഷ്ണന്, വി. രാജന്, എം. അസിനാര്‍, കെ.എസ്. കുര്യാക്കോസ്, അഡ്വ.വി. സുരേഷ് ബാബു, എം. കുമാരന് (മുന്‍ എംഎൽഎ), പി. ഭാര്‍ഗവി, രാമകൃഷ്ണകടമ്പാര്, ജയരാമബല്ലംകൂടല്‍, എസ്. രാമചന്ദ്ര, എം.സി. അജിത്, ബിജു ഉണ്ണിത്താന്, കെ. കുഞ്ഞിരാമന്, രേണുക ഭാസ്കരന്, തുളസീധരന്‍ ബളാനം, എം. കൃഷ്ണന്, കെ. ചന്ദ്രശേഖരഷെട്ടി, ബി. സുകുമാരന്‍, എന്‍. ബാലകൃഷ്ണന്, കരുണാകരന് കുന്നത്ത്, എ. ദാമോദരന്‍, എം. ശ്രീജിത്ത്, സി.വി. വിജയരാജ്, പി. വിജയകുമാര്‍, മുകേഷ് ബാലകൃഷ്ണന്, എന്‍. പുഷ്പരാജ്, എ. രാഘവന്, രവീന്ദ്രന് മാണിയാട്ട്, പി. മിനി, രാധാകൃഷ്ണന് പെരുമ്പള, മേരി ജോര്‍ജ് എന്നിവരെയും കാൻഡിഡേറ്റ് മെംബര്‍മാരായി ടി.എം. അബ്ദുള്‍ റസാഖ് , കെ.ആര്. ഹരിഷ് , രേഖ ചിപ്പാര്‍ എന്നിവരെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.
സംസ്ഥാന സമ്മേളന പ്രതിനിധികള്‍: ഗോവിന്ദൻ പള്ളിക്കാപ്പില്‍, ടി. കൃഷ്ണന്, സി.പി. ബാബു, പി. ഭാര്‍ഗവി, എം. കുമാരന് (മുന്‍ എംഎല്‍എ), കെ.വി. കൃഷ്ണന്, അഡ്വ.വി.സുരേഷ് ബാബു, രാമകൃഷ്ണ കടമ്പാര്‍ എന്നിവരെ സംസ്ഥാന സമ്മേളന പ്രതിനിധികളായും എം. ശ്രീജിത്തിനെ പകരം പ്രതിനിധിയായും സമ്മേളനം തെരഞ്ഞെടുത്തു.