കാത്തിരിപ്പിനൊടുവില്‍ ജനറല്‍ ആശുപത്രിയില്‍ ജനറേറ്റര്‍ പ്രവര്‍ത്തിച്ചു തുടങ്ങി
1575429
Sunday, July 13, 2025 8:34 AM IST
കാസര്‍ഗോഡ്: നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം വാക്കുപാലിച്ചതോടെ പ്രവര്‍ത്തനം നിലച്ച തെക്കില്‍ ടാറ്റ ആശുപത്രിയില്‍ ഉപയോഗിക്കാതെ കിടന്ന 400 കെവിഎ ജനറേറ്റര്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് സ്ഥാപിച്ചു. ജനറല്‍ ആശുപത്രിയില്‍ പ്രത്യേക ഫൗണ്ടേഷന് ഒരുക്കിയാണ് ജനറേറ്റര്‍ സ്ഥാപിച്ചത്. ജനറേറ്ററിന്റെ പ്രവര്‍ത്തനോദ്ഘോടനം എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു.
വൈദ്യുതി മുടങ്ങിയാല്‍ സിടി സ്കാന്‍ ഉള്‍പ്പെടെ സൗകര്യം ലഭ്യമല്ലാത്ത അവസ്ഥയായിരുന്നു ജനറല്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതു പരിഹരിക്കാന്‍ കൂടുതല്‍ ശേഷിയുള്ള ജനറേറ്റര്‍ 11 കിലോമീറ്റര്‍ അപ്പുറത്തുള്ള ടാറ്റാ ആശുപത്രിയില്‍ നിന്നുകൊണ്ടു വരുന്നതിനു എട്ടു മാസം മുന്‍പ് കളക്ടർ അനുമതി നല്‍കിയിരുന്നു.
എന്നാല്‍ ഇതുകൊണ്ടുവരുന്നതിനുള്ള ചെലവ് 10 ലക്ഷത്തോളം രൂപ അനുവദിക്കാത്തത് തടസമായി. ഇതിനെ തുടര്‍ന്ന് ആവശ്യമായ തുക നഗരസഭ അനുവദിക്കുമെന്ന് ചെയര്മാന് അബ്ബാസ് ബീഗം വാക്കു നല്‍കുകയായിരുന്നു. നഗരസഭ ഈ തുക പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചതോടെ ക്രെയിന്‍ മുഖേന ജനറേറ്റര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കൂടാതെ ജനറേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള ഫൗണ്ടേഷന് ഒരുക്കുന്നതിന് 75,000 രൂപ ആശുപത്രി വികസനസമിതിയുടെ ഫണ്ടില്‍ നിന്നും അനുവദിച്ചു. ഇതു കമ്മിഷന് ചെയ്തതോടെ ജനറേറ്ററിനു വേണ്ടിയുള്ള മാസങ്ങളുടെ കാത്തിരിപ്പിന് വിരാമമായി.