അഴിത്തലയിൽ വീണ്ടും പേപ്പട്ടി ഭീതി; അഞ്ചു പേർക്കു കടിയേറ്റു
1576385
Thursday, July 17, 2025 12:42 AM IST
നീലേശ്വരം: ഒരാഴ്ചയുടെ ഇടവേളയിൽ തൈക്കടപ്പുറം, അഴിത്തല ഭാഗങ്ങളിൽ വീണ്ടും പേപ്പട്ടി ഭീതി. വാർഡ് കൗൺസിലറുടെ മകനുൾപ്പെടെ അഞ്ചുപേർക്കാണ് കഴിഞ്ഞ ദിവസം തെരുവുനായയുടെ കടിയേറ്റത്. നായയെ പിന്നീട് സമീപപ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തി.
ഒരാഴ്ച മുമ്പ് പ്രദേശത്ത് ഭീതി പരത്തിയ പേപ്പട്ടി നിരവധി തെരുവുനായ്ക്കളെ കടിച്ചിരുന്നു. ഇതിൽ ഒരു നായയാകാം പേയിളകി അക്രമം നടത്തിയതെന്ന് കരുതുന്നു. ആദ്യത്തെ പേപ്പട്ടിയേയും പിന്നീട് ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
അഴിത്തല ബോട്ടുജെട്ടിക്ക് സമീപത്തെ രാജേഷ് നാരായണനെ വീടിനകത്തുവച്ചാണ് നായ കടിച്ചത്. വാതിൽ തുറന്നിട്ട വീടിന്റെ അകത്തേക്ക് നായ ഓടിക്കയറുകയായിരുന്നു.
തൊട്ടടുത്ത വീടിനുള്ളിലേക്കും നായ ഓടിക്കയറിയെങ്കിലും വീട്ടുകാർ ചൂടുവെള്ളമൊഴിച്ച് തുരത്തി. വാർഡ് കൗൺസിലർ പി.കെ. ലതയുടെ മകൻ ദിലീപ്, ഗിരിജ ബാലൻ, അനിത സുഗുണദാസ്, അഴിത്തലയിൽ വിനോദസഞ്ചാരവകുപ്പിനു കീഴിൽ കരാർ ജോലി ചെയ്യുന്ന ബദിയടുക്ക സ്വദേശി അനീസ് എന്നിവരാണ് കടിയേറ്റ മറ്റുള്ളവർ. എല്ലാവരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
തൈക്കടപ്പുറം-അഴിത്തല റോഡും പരിസരപ്രദേശങ്ങളും തെരുവുനായ്ക്കൾ കൈയടക്കിയ നിലയിലാണ്.
വീടുകളുടെ സിറ്റൗട്ടിൽ പോലും നായ്ക്കൾ പതിവു സാന്നിധ്യമാണ്. ഇവയിൽ പലതിനും പേപ്പട്ടികളുടെ കടിയേറ്റിരിക്കാനുള്ള സാധ്യത നാട്ടുകാർക്ക് ആശങ്കയാവുകയാണ്.