രാജപുരത്തെ കള്ളത്തോക്ക് നിര്‍മാണം: രണ്ടുപേർ കൂടി അറസ്റ്റില്‍
1575436
Sunday, July 13, 2025 8:55 AM IST
രാജപുരം: രാജപുരത്തെ കള്ളത്തോക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിൽ. പാലംകല്ലിലെ സന്തോഷ് വിജയന് (36), പരപ്പ മുണ്ടത്തടത്തെ പി.ജി.ഷാജി (55) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
നേരത്തേ അറസ്റ്റിലായ കേസിലെ ഒന്നാം പ്രതി അജിത്കുമാറിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. സന്തോഷിനും ഷാജിക്കും വേണ്ടിയാണ് ഇയാൾ തോക്ക് നിര്‍മിച്ചതെന്നും കേസില്‍ ഒരാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും സിഐ പി.രാജേഷ് പറഞ്ഞു.
തോക്ക് നിര്‍മാണത്തിനായി വീട് വാടകയ്ക്കെടുത്തതും തോക്ക് നിര്‍മിക്കാനാവശ്യമായ സാധനങ്ങള്‍ വാങ്ങിയതും രണ്ടാം പ്രതി സന്തോഷാണ്. പ്രതികൾ വിവിധ നായാട്ടുസംഘങ്ങളിൽ ഉൾപ്പെട്ടവരാണ്. കേസിലെ നാലാമന് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. ബേക്കല്‍ ഡിവൈഎസ്പി വി.വി.മനോജ് കുമാര്‍ രാജപുരം സ്റ്റേഷനിലെത്തി പ്രതികളെ ചോദ്യം ചെയ്തു. ഇന്നലെ അറസ്റ്റിലായ രണ്ട് പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.