ബേക്കൽ കോട്ടയുടെ കവാടത്തിൽ പുല്ലും കരിഞ്ഞു, ലൈറ്റും അണഞ്ഞു
1417888
Sunday, April 21, 2024 6:47 AM IST
ബേക്കൽ: അന്താരാഷ്ട്ര വിനോദസഞ്ചാരകേന്ദ്രമായ ബേക്കൽകോട്ടയിൽ കോടികൾ ചെലവഴിച്ച് നടപ്പാക്കുന്ന പരിഷ്കാരങ്ങളെല്ലാം പാതിവഴിയിൽ പാളുന്നു. ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ഉപകരണ സംവിധാനങ്ങളും ജനറേറ്ററും കോട്ടയ്ക്കകത്തു കിടന്ന് തുരുമ്പിക്കുന്നതിനു പിന്നാലെ കോട്ടയുടെ സ്വാഗതകമാനത്തിന് മോടി കൂട്ടാൻ നിർമിച്ച പുൽത്തകിടിയും വേനലിൽ കരിഞ്ഞുണങ്ങി. ഇവിടെ മാസങ്ങൾക്കു മുമ്പ് സ്ഥാപിച്ച ലൈറ്റുകളും കത്താതെയായി.
നാട്ടിലും പുറത്തുമുള്ള മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം രാത്രികാലങ്ങളിൽ വിവിധ വർണങ്ങളിലുള്ള ദീപങ്ങൾ തെളിഞ്ഞ് പ്രകാശപൂരിതമാകുമ്പോൾ ബേക്കലിലൂടെ രാത്രി വാഹനങ്ങളിൽ കടന്നുപോകുന്നവർക്ക് ഇവിടെ ഒരു വിനോദസഞ്ചാരകേന്ദ്രമുണ്ടെന്നുപോലും തിരിച്ചറിയാനാകാത്ത നിലയാണ്.

രണ്ടുവർഷം മുമ്പാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു കീഴിൽ ഒരു കോടി രൂപ ചെലവിൽ സ്വാഗത കമാനത്തിനു സമീപം പുൽത്തകിടിയും ലൈറ്റുകളുമുൾപ്പെടെ സൗന്ദര്യവത്കരണ പദ്ധതികൾ നടപ്പാക്കിയത്. ബേക്കൽ ബീച്ചും പരിസരവും ശുചീകരിക്കുന്ന വനിതകളുടെ സംഘത്തിനായിരുന്നു പുൽത്തകിടിയുടെ പരിപാലന ചുമതല.
ജല അഥോറിറ്റിയുടെ പൊതു ടാപ്പിൽ നിന്നും വെള്ളമെടുത്താണ് കഴിഞ്ഞ വർഷം ഇവിടെ നനച്ചിരുന്നത്. ഈ വർഷമായപ്പോഴേക്കും കുടിവെള്ളം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെ ജല അഥോറിറ്റി ഇടപെട്ട് തടഞ്ഞു. പകരം വെള്ളത്തിനുള്ള വഴി കണ്ടെത്താൻ ബിആർഡിസിക്ക് കഴിഞ്ഞതുമില്ല. ഇതോടെയാണ് പുല്ലുകളെല്ലാം പാടേ കരിഞ്ഞുണങ്ങിയത്. ഇനി മഴക്കാലമായാലും പുതിയ പുല്ലുകൾ നട്ടുപിടിപ്പിക്കേണ്ട അവസ്ഥയാണ്.
പ്രവേശനകവാടത്തിനു സമീപം മനോഹരമായ ബസ് സ്റ്റോപ്പ് നിർമിച്ചിട്ടുണ്ടെങ്കിലും അതിനു സമീപത്തെ ഉയരവിളക്ക് കത്താതായിട്ട് മാസങ്ങളായി. പാതയോരത്ത് സ്ഥാപിച്ച മറ്റു ലൈറ്റുകളും കത്തുന്നില്ല.
തൊട്ടടുത്ത് ബിആർഡിസി ഓഫീസിനു മുന്നിലെ ഉയരവിളക്കും കത്തുന്നില്ല. കാഞ്ഞങ്ങാട് ഭാഗത്തുനിന്നും വരുമ്പോൾ പള്ളിക്കര റെയിൽവേ മേൽപാലമിറങ്ങിക്കഴിഞ്ഞാൽ പാതയോരത്തു പോലും ഇരുട്ടാണ്. മേൽപാലത്തിനു മുകളിൽ ഒരു പരസ്യ സ്ഥാപനത്തിന്റെ ചെലവിൽ സ്ഥാപിച്ചിട്ടുള്ള ലൈറ്റുകൾ മാത്രമാണ് ഇപ്പോഴും വെളിച്ചം പരത്തുന്നത്.
പുരാവസ്തു വകുപ്പിന്റെ നിയന്ത്രണങ്ങളുള്ളതിനാൽ ബേക്കൽ കോട്ടയ്ക്കകത്തേക്ക് സന്ധ്യ കഴിഞ്ഞാൽ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നില്ല. എന്നാൽ തൊട്ടടുത്തുള്ള ബീച്ച് പാർക്കിൽ രാത്രി ഒമ്പതുമണി വരെ ആളുകളെ പ്രവേശിപ്പിക്കുന്നുണ്ട്. ഇരുട്ടുമൂടിയ വഴികളിലൂടെയാണ് ഇവിടെനിന്നും സഞ്ചാരികൾ മടങ്ങേണ്ടത്.