മഞ്ഞടുക്കം പാലത്തിൽ ബൈക്ക് യാത്രികൻ ഒഴുക്കിൽപ്പെട്ടതായി സംശയം
1576987
Saturday, July 19, 2025 12:39 AM IST
പാണത്തൂര്‍: മഞ്ഞടുക്കം പാലത്തിലൂടെ സഞ്ചരിച്ച കർണാടക സ്വദേശിയായ ബൈക്ക് യാത്രികൻ ഒഴുക്കിൽപ്പെട്ടതായി സംശയം. പാണത്തൂരിലെ പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കശുമാവിന് തോട്ടത്തില്‍ പ്രവൃത്തികൾ നടത്താനെത്തിയ ഹിറ്റാച്ചി ഓപ്പറേറ്ററുടെ സഹായി ബെല്‍ഗാം സ്വദേശി ദുർഗപ്പ (അനില്‍-18) യെയാണ് കാണാതായത്.
വ്യാഴാഴ്ച ജോലിചെയ്യുന്നതിനിടെ ഉച്ചഭക്ഷണം എടുക്കാനായി ബൈക്കിൽ കരിക്കെയിലെ താമസസ്ഥലത്തേക്ക് പോയതായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും താമസ സ്ഥലത്തോ ജോലിസ്ഥലത്തോ എത്താതിരുന്നതിനെ തുടർന്നാണ് ഹിറ്റാച്ചി ഓപ്പറേറ്റര്‍ കുടക് സ്വദേശി യുവാനന്ദ പോലീസില്‍ പരാതി നല്‍കിയത്. പാലത്തിനു മുകളിൽ ബൈക്ക് ഒഴുക്കിൽപ്പെട്ടതിന്റെ അടയാളങ്ങൾ കണ്ടതോടെയാണ് ആശങ്കയുയർന്നത്.
സമീപപ്രദേശങ്ങളിൽ കനത്ത മഴ പെയ്തതിനാൽ ഉച്ചസമയത്ത് പുഴയില്‍ ജലനിരപ്പ് ഉയർന്നിരുന്നതായി നാട്ടുകാർ പറയുന്നു. അഗ്നിരക്ഷാസേനയും സ് കൂബ ടീമും രാജപുരം പോലീസിന്റെ സഹായത്തോടെ പുഴയിൽ തെരച്ചിൽ നടത്തി.
തഹസിൽദാർ പി.വി. മുരളി, പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കരിക്കെ പഞ്ചായത്ത് പ്രസിഡന്റ് എൻ. ബാലചന്ദ്രൻ എന്നിവരും സ്ഥലത്തെത്തി. ഇന്നും തെരച്ചിൽ തുടരാനാണ് തീരുമാനം.