പുഴ വീണ്ടും ഗതിമാറി; അജാനൂർ ഫിഷ് ലാൻഡിംഗ് സെന്റർ അപകടമുനമ്പിൽ
1576992
Saturday, July 19, 2025 12:40 AM IST
കാഞ്ഞങ്ങാട്: കടലേറ്റം ശക്തമായി തുടരുന്ന അജാനൂർ കടപ്പുറത്ത് ചിത്താരിപ്പുഴ വീണ്ടും ഗതിമാറിയൊഴുകി. അജാനൂർ ഫിഷ് ലാൻഡിംഗ് സെന്റർ കെട്ടിടത്തെ തൊട്ടു വലംവച്ചുകൊണ്ടാണ് ഇപ്പോൾ പുഴ ഒഴുകുന്നത്. ഇതോടെ കെട്ടിടത്തിന്റെ അടിത്തറയോടു ചേർന്ന മണ്ണിളകി തറയുടെ കല്ലുകൾ പുറത്തുകാണാവുന്ന വിധത്തിലായി.
കെട്ടിടത്തിന്റെ വടക്കേയറ്റത്ത് തറയുടെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നു. ഈ ഭാഗത്തേക്കും പുഴ ഇരച്ചുകയറിയ നിലയിലാണ്. കെട്ടിടം അപകടാവസ്ഥയിലായതോടെ ആളുകൾ ഇവിടേക്ക് പ്രവേശിക്കുന്നത് വടംകെട്ടി തടഞ്ഞു.
ചിത്താരിപ്പുഴ ഗതിമാറിയൊഴുകിയതുമൂലം ഫിഷ് ലാൻഡിംഗ് സെന്ററിനു സമീപം രൂപപ്പെട്ട അഴിമുഖം മണൽ നിറച്ച ജിയോ ട്യൂബുകൾ കൊണ്ട് അടച്ച് പുഴയുടെ ഗതി പൂർവസ്ഥിതിയിലാക്കാനുള്ള പ്രവൃത്തികൾ തുടങ്ങുന്നതിനിടെയാണ് പുഴ വീണ്ടും ഗതിമാറിയൊഴുകിയത്. ഫിഷ് ലാൻഡിംഗ് സെന്ററിലേക്കുള്ള റോഡും ഇതിനു സമീപം പഞ്ചായത്ത് സ്ഥാപിച്ച കോൺക്രീറ്റ് സംരക്ഷണഭിത്തിയും നേരത്തേ കടലേറ്റത്തിൽ തകർന്നിരുന്നു.
ഫിഷ് ലാൻഡിംഗ് സെന്ററിന്റെ ഗേറ്റുണ്ടായിരുന്ന ഭാഗത്ത് അവശേഷിച്ചിരുന്ന കോൺക്രീറ്റ് തൂണും കഴിഞ്ഞ ദിവസം നിലംപൊത്തി. ഇതിനടുത്തുള്ള ഹൈമാസ്റ്റ് ലൈറ്റും അപകടാവസ്ഥയിലായി.
ജിയോ ട്യൂബ് സ്ഥാപിക്കുന്നതിനു മുന്നോടിയായി സാൻഡ് പമ്പ് ഡ്രഡ്ജർ ഉപയോഗിച്ച് മണൽ കൂട്ടിയിടുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. അഞ്ചുദിവസത്തിനകം ജിയോ ട്യൂബുകൾ സ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
പക്ഷേ അതിനുമുമ്പ് ഫിഷ് ലാൻഡിംഗ് സെന്റർ കെട്ടിടം തകർന്നുവീഴുമോ എന്ന ആശങ്കയും നിലനിൽക്കുകയാണ്.