പെരുമഴയത്ത് റീടാറിംഗ് നടത്തിയ റോഡ് ദിവസങ്ങൾക്കകം തകർന്നു
1576852
Friday, July 18, 2025 6:27 AM IST
കാസർഗോഡ്: പെരുമഴയെ വകവയ്ക്കാതെ റീടാറിംഗ് നടത്തിയ റോഡ് ദിവസങ്ങൾക്കകം തകർന്നു. പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് മധൂർ ഭാഗത്തേക്കുള്ള കോട്ടക്കണ്ണി-ബട്ടംപാറ റോഡാണ് നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് ലക്ഷങ്ങൾ ചെലവാക്കി റീടാറിംഗ് നടത്തി ദിവസങ്ങൾക്കകം തകർന്നത്.
അവിടവിടെ പൊട്ടിപ്പൊളിഞ്ഞ് കിടന്നിരുന്ന റോഡ് റീടാറിംഗ് നടത്തണമെന്ന ആവശ്യം ദീർഘനാളായി ഉണ്ടായിരുന്നെങ്കിലും മഴയത്ത് ടാറിംഗ് നടത്തുന്നതിനെ നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. അത് വകവയ്ക്കാതെയാണ് കരാറുകാർ പണി പൂർത്തിയാക്കി സ്ഥലംവിട്ടത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ടാറിംഗും മെറ്റലുകളുമെല്ലാം ഇളകി റോഡ് പഴയതിനേക്കാൾ മോശമായ നിലയിലാവുകയും ചെയ്തു.
പേരിനു മാത്രം പ്രവൃത്തികൾ പൂർത്തിയാക്കി ലക്ഷങ്ങൾ തുലച്ചതിനെതിരെ കർശനമായ നടപടികൾ വേണമെന്നാണ് ഇപ്പോൾ നാട്ടുകാരുടെ ആവശ്യം.