കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ ലഹരിവിരുദ്ധ കാമ്പയിനുമായി മാര്‍ത്തോമ്മാ സണ്‍ഡേ സ്കൂള്‍ സമാജം
1576856
Friday, July 18, 2025 6:27 AM IST
കാസര്‍ഗോഡ്: മാര്‍ത്തോമ്മാ സഭയുടെ കുട്ടികളുടെ വിഭാഗമായ സണ്‍ഡേ സ്കൂള്‍ സമാജം സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരിക്കെതിരെ സ്കൂളുകളില്‍ കാമ്പയിന് ആരംഭിച്ചു.
കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ നീണ്ടു നില്ക്കുന്ന ലഹരിക്കെതിരായ പോരാട്ടങ്ങള്‍ക്ക് ചെര്‍ക്കള മാര്‍ത്തോമ്മാ ബധിരവിദ്യാലയത്തില്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെയും യുവാക്കളുടെയും ഇടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായും ഇതിനുള്ള പണം കുട്ടികള്‍ക്ക് എവിടെ നിന്ന് ലഭിക്കുന്നുവെന്ന് മാതാപിതാക്കള്‍ അന്വേഷിക്കണമെന്നും മതവിശ്വാസം ഈ തിന്മയ്ക്കെതിരെ പോരാടാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ത്തോമ്മാസഭാ കുന്നംകുളം മലബാര്‍ ഭദ്രാസന അധ്യക്ഷനും സണ്‍ഡേ സ്കൂള്‍ പ്രസിഡന്റുമായ ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പസ്കോപ്പ അധ്യക്ഷത വഹിച്ചു. മുന്‍കാലങ്ങളെക്കാള്‍ ലഹരി ഉപയോഗം വര്‍ധിച്ചുവെന്നും അതു സമൂഹത്തെ കാര്‍ന്നുതിന്നുന്നുവെന്നും ഇതിനെതിരെ കൂട്ടായ പോരാട്ടം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
റവ.അനു ഉമ്മന്‍, റവ. അനീഷ് തോമസ്, ടി.ജി.ജോണ്സണ്, മാത്യുസണ് പി.തോമസ് എന്നിവര്‍ പ്രസംഗിച്ചു. സണ്‍ഡേ സ്കൂള്‍ സമാജം ജനറല്‍ സെക്രട്ടറി റവ.സജേഷ് മാത്യൂസ് സ്വാഗതം പറഞ്ഞു.