മലയോരം കയറാനാകാതെ കെഎസ്ആർടിസിയുടെ പഴഞ്ചൻ ബസുകൾ
1415856
Friday, April 12, 2024 12:43 AM IST
കാഞ്ഞങ്ങാട്: നിറയെ ആളുകളുമായി മലയോരമേഖലയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ് കയറ്റം കയറാനാകാതെ നിന്നുപോവുക. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടുതവണ ഇങ്ങനെയൊരു സംഭവമുണ്ടായി. ഒരുവട്ടം പാണത്തൂരിൽ വച്ചും മറ്റൊന്ന് ഒടയംചാൽ-പരപ്പ റൂട്ടിലും.
രണ്ടു ബസുകളും കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നുള്ളവയായിരുന്നു. ഉള്ളതിൽവച്ച് ഏറ്റവുമധികം കണ്ടീഷനുള്ള ബസുകളെയാണ് മലയോര റൂട്ടുകളിൽ ഓടിക്കുന്നതെന്ന് ഡിപ്പോ അധികൃതർ പറയുന്നു. കണ്ടീഷനുള്ള ബസുകളുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ ബാക്കിയുള്ളവയുടെ സ്ഥിതി പറയേണ്ടതില്ലല്ലോ.
അടുത്ത കാലത്ത് കാഞ്ഞങ്ങാട് ഡിപ്പോയിലേക്ക് അനുവദിച്ചു കിട്ടിയത് എട്ടു ബസുകളാണ്. ഇക്കൂട്ടത്തിൽ പുതിയ ബസുകൾ ഒന്നുമില്ല. എട്ടെണ്ണവും മറ്റു ഡിപ്പോകളിൽ നിന്ന് അറ്റകുറ്റപണി നടത്തി ഒരുവിധം നന്നാക്കിയെടുത്തവയാണ്. ഇതിൽ രണ്ടെണ്ണം മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട അവസ്ഥയിലുള്ളതെന്ന് ജീവനക്കാർ തന്നെ രഹസ്യമായി സമ്മതിക്കുന്നു.
അതേസമയം രണ്ട് ബസുകൾ കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നും മറ്റു ഡിപ്പോകളിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇത് രണ്ടും നല്ല കണ്ടീഷനിലുള്ള താരതമ്യേന പുതിയ ബസുകളായിരുന്നു.
കോയമ്പത്തൂർ, തെങ്കാശി റൂട്ടുകളിൽ അന്തർസംസ്ഥാന സർവീസ് നടത്താൻ ബസ് വേണമെന്നു പറഞ്ഞാണ് ഇത് രണ്ടും കെഎസ്ആർടിസി അധികൃതർ ഇവിടെനിന്നും കൊണ്ടുപോയത്. രണ്ടെണ്ണം പോയാലെന്താ, നിങ്ങൾക്ക് എട്ടു ബസല്ലേ പകരം കിട്ടുന്നത് എന്നാണ് പാവപ്പെട്ട കാഞ്ഞങ്ങാട് ഡിപ്പോക്കാരോട് പറഞ്ഞത്. അങ്ങനെ കിട്ടിയ ബസുകളുടെ അവസ്ഥയാണ് മുകളിൽ കണ്ടത്.
മാനന്തവാടി, കോഴിക്കോട് റൂട്ടുകളിൽ ഫാസ്റ്റ് പാസഞ്ചറായി ഓടിക്കൊണ്ടിരുന്ന ബസുകളാണ് ഇവിടെനിന്നും കൊണ്ടുപോയത്.
ഇനി ഈ ദീർഘദൂര റൂട്ടുകളിൽ പോലും പഴഞ്ചൻ ബസുകൾ ഓടിക്കേണ്ട അവസ്ഥയാണ്. നേരത്തേ കാഞ്ഞങ്ങാട് ഡിപ്പോയ്ക്ക് ഇത്തരത്തിൽ അനുവദിച്ചുകിട്ടിയ ഒരു പഴഞ്ചൻ ബസ് ബ്രേക്ക് തകരാർ മൂലം ഒരാഴ്ചയ്ക്കിടയിൽ മൂന്നുതവണ അപകടം വരുത്തിയ സംഭവമുണ്ടായിരുന്നു.
ദേശീയപാതയിൽ എങ്ങനെയെങ്കിലും ഓടിച്ചാലും മലയോര സർവീസിന് ഇത്തരം ബസുകൾ അയക്കാനേ കഴിയില്ലെന്ന് സാങ്കേതിക വിഭാഗം ജീവനക്കാർ പറയുന്നു. ദേശീയപാതയിലായാലും ബസ് അപകടം വരുത്തിയാൽ അതിന്റെ കുറ്റം ഫിറ്റ്നസ്
നല്കിയ ജീവനക്കാരുടെ തലയിലാകും. കയറ്റത്തിൽ നിന്നുപോകാനും വളവിലും ഇറക്കത്തിലും നിയന്ത്രണം വിട്ടുപോകാനും ഇടയുള്ള ബസുകളെ മലയോര റൂട്ടുകളിൽ വിടാനാവാത്തതിനാൽ പലപ്പോഴും ഷെഡ്യൂളുകൾ തന്നെ റദ്ദാക്കേണ്ട അവസ്ഥയാണ്. മികച്ചരുമാനം ലഭിക്കുന്ന സർവീസുകളാണ് ഇത്തരത്തിൽ റദ്ദാക്കേണ്ടിവരുന്നത്. തെരഞ്ഞെടുപ്പിനു ശേഷം അഞ്ച് ബസുകൾ കൂടി തരാമെന്നാണ് ഇപ്പോൾ കാഞ്ഞങ്ങാട് ഡിപ്പോയ്ക്ക് ലഭിച്ചിട്ടുള്ള വാഗ്ദാനം. അതെങ്കിലും ഓടാൻ കഴിയുന്ന ബസായിരിക്കണേ എന്നാണ് ഇപ്പോൾ ഡിപ്പോ അധികൃതരുടെ പ്രാർഥന.