ദേശീയപാത വികസനം: വ്യാപാരികൾക്കുള്ള പുനരധിവാസ പാക്കേജ് ജലരേഖയായി
1375209
Saturday, December 2, 2023 2:07 AM IST
കാസർഗോഡ്: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കടയൊഴിയേണ്ടിവന്ന വ്യാപാരികൾക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് വെറുംവാക്കായി.
ദേശീയപാതാ അഥോറിറ്റി പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന്റെ ഇരട്ടിയോളം തുകയാണ് സ്പെഷ്യൽ പാക്കേജായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇത് എന്നു നൽകുമെന്നോ എങ്ങനെ നൽകുമെന്നോ ഉള്ള ഉത്തരവും മാർഗനിർദേശങ്ങളും ഇതുവരെ പുറത്തിറങ്ങിയില്ല.
അതുകൊണ്ടുതന്നെ ഇതിനായി അപേക്ഷിക്കാൻ പോലും കഴിയുന്നില്ല. ദേശീയപാതാ അഥോറിറ്റി നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്ന നഷ്ടപരിഹാരത്തിനുവേണ്ടി മാത്രമാണ് അപേക്ഷിക്കാൻ കഴിയുന്നത്.
ദേശീയപാതാ അഥോറിറ്റി നൽകിയ ലക്ഷങ്ങളുടെ നഷ്ടപരിഹാരം ലഭിച്ചത് കെട്ടിട ഉടമകൾക്കു മാത്രമാണ്. വർഷങ്ങളായി ഈ കെട്ടിടങ്ങളിൽ കടകൾ നടത്തിയിരുന്ന വ്യാപാരികൾക്കും അവിടെ ജോലിയെടുത്തിരുന്ന തൊഴിലാളികൾക്കും കാര്യമായൊന്നും ലഭിച്ചില്ല. ഈ വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് സംസ്ഥാന സർക്കാർ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നത്.
ഇതിൽ വിശ്വസിച്ച് വ്യാപാരികൾ സമരപരിപാടികളും നിയമനടപടികളും നിർത്തിവെച്ചതോടെയാണ് ദേശീയപാതയ്ക്കായുള്ള സ്ഥലമെടുപ്പ് വേഗത്തിലായത്.
എന്നാൽ കാര്യം കഴിഞ്ഞപ്പോൾ പുനരധിവാസ പാക്കേജ് പ്രഖ്യാപനത്തിലൊതുങ്ങുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് പറഞ്ഞു. അതേസമയം കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 75 ലക്ഷം രൂപയുടെ പാക്കേജ് മാവുങ്കാൽ മേഖലയിലെ 33 വ്യാപാരികൾക്ക് ലഭിച്ചിട്ടുണ്ട്. മഞ്ചേശ്വരം മുതൽ കാലിക്കടവ് വരെ രണ്ടായിരത്തോളം വ്യാപാരികളാണ് ദേശീയപാതയ്ക്കായി കെട്ടിടങ്ങൾ പൊളിച്ചുമാറ്റേണ്ടിവന്നതുമൂലം വഴിയാധാരമായത്. ഇവരെല്ലാം വർഷങ്ങളായി കച്ചവടം നടത്തുന്നവരും മറ്റു വരുമാനമാർഗങ്ങളില്ലാത്തവരുമായിരുന്നു.
അനുയോജ്യമായ സ്ഥലത്ത് പുതിയ കെട്ടിടം കിട്ടാത്തതും ഉള്ളവയുടെ ഭീമമായ വാടകയും മൂലം ഇവരിലേറെയും കച്ചവടം നിർത്തി വീട്ടിലിരിക്കേണ്ട അവസ്ഥയിലാണ്. ഇവരുടെ കടകളിൽ വർഷങ്ങളായി ജോലിയെടുത്തിരുന്ന തൊഴിലാളികളുടെ അവസ്ഥ ഇതിലും പരിതാപകരമാണ്.