ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി ഇടപെടണം: എംപി
1338691
Wednesday, September 27, 2023 2:33 AM IST
കാസര്‍ഗോഡ്: കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് ജീവനക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനമായ (ഡിസ്ട്രിക്ട്ട് ഡെവലപ്മെന്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി) ദിശ യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു എംപി.
20 കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനമാണിവിടെ നടക്കുന്നതെന്നും സാധാരണക്കാരായ ജനങ്ങളുടെ ക്ഷേമത്തിനായി ആസൂത്രണം ചെയ്ത് നടത്തുന്ന ഈ പദ്ധതികളുടെ നടത്തിപ്പിന് നിര്‍വഹണ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാലര വര്‍ഷങ്ങളിലായി കാസര്‍ഗോട്ടെ ഉദ്യോഗസ്ഥര്‍ പദ്ധതി നിര്‍വഹണത്തില്‍ വലിയ താത്പര്യമാണ് കാണിച്ചു വരുന്നതെന്നും അതു തുടര്‍ന്നും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യരംഗത്ത് ജില്ലയുടെ ബാലാരിഷ്ടത മാറാനുണ്ടെന്നും അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും മികച്ച കണക്റ്റിവിറ്റിയിലൂടെയും മാത്രമേ ഒരു നാടിന് വികസനം സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.