വാകേരി - മൂടക്കൊല്ലി റോഡ് തകർന്നു; ഗതാഗതം ദുഷ്കരമായി
1577112
Saturday, July 19, 2025 6:01 AM IST
സുൽത്താൻ ബത്തേരി: വാകേരി - കൂടല്ലൂർ റോഡ് തകർന്ന് കുണ്ടും കുഴിയുമായതോടെ കാൽനട യാത്രയും വാഹന യാത്രയും ദുഷ്കരമായി തീർന്നു. വാകേരി - താഴത്തങ്ങാടി - കൂടല്ലൂർ - മൂടക്കൊല്ലി റോഡാണ് പൊട്ടിപ്പൊളിഞ്ഞു തകർന്ന് കിടക്കുന്നത്.
വാകേരി മുതൽ കൂടല്ലൂർ വരെയുള്ള നാല് കിലോമീറ്റർ റോഡാണ് വർഷങ്ങളായി തകർന്ന് കിടക്കുന്നത്. യഥാ സമയം റോഡിന്റെ അറ്റകുറ്റപ്പണി നടക്കാത്തതിനാൽ കാലവർഷം ശക്തമായതോടെ റോഡ് തകർന്ന് വൻ ഗർത്തങ്ങളായി. റോഡിൽ വൻ കുഴികൾ രൂപപ്പെട്ടതോടെ വാഹനങ്ങൾക്ക് ഇതുവഴി കടന്ന് പോകാനും ബുദ്ധിമുട്ടായി.
രണ്ട് വർഷം മുന്പ് കൂടല്ലൂരിലെ പ്രജീഷ് എന്ന ക്ഷീര കർഷകനെ കടുവ കൊന്നു തിന്നപ്പോൾ സ്ഥലത്തെത്തിയ അധികൃതർ നിരവധി ഉറപ്പുകൾ പ്രദേശവാസികൾക്ക് നൽകിയാണ് പ്രതിഷേധത്തെ തണുപ്പിച്ചത്. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഈ റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കുമെന്നായിരുന്നു അധികൃതർ നൽകിയ ഉറപ്പ്.
എന്നാൽ ഇതുവരെയായിട്ട് ഒന്നും നടന്നില്ലെന്ന് മാത്രമല്ല റോഡ് കാൽനട യാത്രയ്ക്ക് പോലും പറ്റാത്ത അവസ്ഥയായി.വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശത്ത് പകൽ പോലും വാഹനത്തിലൂടെയല്ലാതെ സഞ്ചരിക്കാൻ പറ്റാത്ത സാഹചര്യമാണ്. റോഡ് തകർന്നതോടെ വാഹനങ്ങൾ ഇതുവഴി ഓട്ടം പോകാനും വിസമ്മതിക്കുകയാണ്.
ഇരുചക്ര വാഹനയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. കനത്ത മഴയിൽ റോഡിലെ കുഴിയിൽ വെള്ളം കെട്ടിനിൽക്കുന്നതിൽ ഇരുചക്ര വാഹനങ്ങൾ വീണ് അപകടം സംഭവിക്കുന്നതും നിത്യസംഭവമായി. റോഡ് എത്രയും വേഗം ഗതാഗതത്തിന് സജ്ജമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.