തേങ്ങയുടെ വില സർവകാല റിക്കാർഡിൽ: പിടിച്ചുനിൽക്കാൻ കഴിയാതെ ഹോട്ടൽ മേഖല
1576535
Thursday, July 17, 2025 6:11 AM IST
മാനന്തവാടി: തേങ്ങയുടെയും വെളിച്ചെണ്ണയുടെയുംവില സർവകാല റിക്കാർഡിൽ എത്തിയതോടെ പിടിച്ചുനിൽക്കാൻ കഴിയാതെ ഹോട്ടൽ മേഖല. ഇതോടൊപ്പം അവശ്യസാധനങ്ങളുടെവില ഉയർന്നതും ഹോട്ടൽ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. വിപണിയിൽ സർക്കാർ ഇടപെടൽ അത്യാവശ്യമെന്ന് ഹോട്ടൽ വ്യാപാരികൾ പറയുന്നു.
തേങ്ങയുടെയും വെളിച്ചെണ്ണയുടെയുംവില സർവകാല റിക്കാർഡിൽ എത്തിയതോടെ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് ഹോട്ടൽ മേഖല. ഒരുകിലോ തേങ്ങയ്ക്ക് 90 രൂപവരെയാണ് ഇപ്പോൾ വില. ചെറിയ ഹോട്ടലിൽപ്പോലും ദിവസം കുറഞ്ഞത് 20 തേങ്ങയെങ്കിലും വേണ്ടിവരുന്നുണ്ട്. വെജിറ്റേറിയൻ ഹോട്ടലുകളിൽ പലഹാരങ്ങൾക്കും കറികൾക്കുമെല്ലാം തേങ്ങ അത്യാവശ്യമാണ്. വെളിച്ചെണ്ണയ്ക്ക് 420 മുതൽ 440 രൂപ വരെയാണ് വില. അരിവിലയും 15 രൂപയോളം ഉയർന്നു. ചെറുപയറിന് കിലോയ്ക്ക് 2020ൽ 80 രൂപയായിരുന്നത് ഇപ്പോൾ 150 രൂപയിലെത്തി.
ഉഴുന്നിനും തുവരയ്ക്കും കടലയ്ക്കും സൂര്യകാന്തി എണ്ണയ്ക്കും ഉണക്കമുളകിനും മല്ലിക്കും റവയ്ക്കും ആട്ടയ്ക്കും മൈദയ്ക്കുമെല്ലാം 20 മുതൽ 40 രൂപവരെ കൂടി. പാചകവാതകത്തിന് 700 രൂപയോളം വർധിച്ചു. നിത്യോപയോഗ സാധനങ്ങളുടെയും വിലയിൽ അടുത്തിടെ ഉണ്ടായ വിലവർധനയിൽ ഒരാഴ്ചയിൽ നാൽപ്പതിനായിരം രൂപയുടെ ചെലവ് അധികം വന്നതായി ഹോട്ടൽവ്യാപാരികൾ പറയുന്നു.
നിത്യോപയോഗ സാധനങ്ങളുടെയും വിലവർധനമൂലം ഹോട്ടലുകൾ നടത്തിക്കൊണ്ടുപോകാൻ പ്രയാസമാണ്. വിപണിയിൽ സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് ഹോട്ടൽ വ്യാപാരികൾ ആവശ്യപ്പെടുന്നത്.