ബാണാസുരസാഗർ അണയുടെ ഒരു ഷട്ടർ തുറന്നു
1577080
Saturday, July 19, 2025 5:02 AM IST
പടിഞ്ഞാറത്തറ: ബാണാസുരസാഗർ അണയുടെ ഒരു ഷട്ടർ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി. ഷട്ടർ 15 സെന്റി മീറ്ററാണ് ഉയർത്തിയത്.
വെള്ളം പുഴയിലൂടെ ഒഴുകിയെത്തുന്ന പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം, പുൽപ്പള്ളി, മുള്ളൻകൊല്ലി, വെള്ളമുണ്ട പഞ്ചായത്ത് ഭാഗങ്ങളിലും മാനന്തവാടി മുനിസിപ്പാലിറ്റിയിലെ പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
ഡാം സ്പിൽവേയുടെ മുന്പിൽ പുഴയിൽ ആളുകൾ ഇറങ്ങരുത്. വെള്ളം കയറുന്ന ഭാഗങ്ങളിൽ ജനങ്ങളെ ആവശ്യമെങ്കിൽ ഒഴിപ്പിച്ച് ക്യാന്പുകളിലേക്ക് മാറ്റാൻ അതത് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകി.
മുന്നറിയിപ്പ് മറികടന്ന് സ്പിൽവേയ്ക്കു സമീപം ഇറങ്ങിയ മൊതക്കര സ്വദേശികളായ റംഷാദ്, അഖിൽ എന്നിവർക്കെതിരേ പോലീസ് കേസെടുത്തു.