എബിസി പദ്ധതി: പുൽപ്പള്ളിയിൽ തെരുവുനായ പിടിത്തം തുടങ്ങി
1576532
Thursday, July 17, 2025 6:11 AM IST
പുൽപ്പള്ളി: മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നടപ്പാക്കുന്ന അനിമൽ ബർത്ത് കണ്ട്രോൾ പ്രോഗ്രാമിൽ(എബിസി) ടൗണിലും സമീപങ്ങളിലും തെരുവുനായ പിടിത്തം തുടങ്ങി. ബത്തേരി എബിസി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡോഗ് ക്യാച്ചർമാരുടെ സംഘം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽനിന്നു 30 ഓളം നായ്ക്കളെ കഴിഞ്ഞ ദിവസം പിടികൂടി.
വിജയ സ്കൂൾ, കളനാടിക്കൊല്ലി, ജയശ്രീ സ്കൂൾ, മത്സ്യ-മാംസ മാർക്കറ്റ്, പോലീസ് സ്റ്റേഷൻ, ചുണ്ടക്കൊല്ലി, ബസ്സ്റ്റാൻഡ് പരിസരങ്ങളിൽ നിന്നാണ് നായകളെ പിടിച്ചത്. ഇവയെ ബത്തേരി എബിസി സെന്ററിൽ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. മൂന്ന് ദിവസത്തെ ചികിത്സക്കും നിരീക്ഷണത്തിനും ശേഷം പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകി ചെവിയിൽ അടയാളമിട്ട് പിടിച്ച പ്രദേശങ്ങളിൽ തുറന്നുവിടും. മൃഗസംരക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് പഞ്ചായത്തിൽ 185 ഓളം തെരുവു നായകളാണുള്ളത്.
ബത്തേരി എബിസി സെന്ററിൽ രണ്ട് ഡോക്ടർമാരും സഹായികളും ഉൾപ്പെടുന്ന സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകുന്നത്. പെണ് നായകളെ ഗർഭപാത്രവും ആണ് നായകളെ വൃക്ഷണവും നീക്കം ചെയ്താണ് തിരികെ വിടുന്നത്. ജൂണ്‍ 20ന് പ്രവർത്തനം തുടങ്ങിയ ബത്തേരി എബിസി യൂണിറ്റിൽ 500 ഓളം നായകളെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്.